
തിരുവനന്തപുരം: 200 കിടക്കകള്‍ക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം നല്‍കണമെന്നും 50 കിടക്കകള്‍വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്നുമുള്ള സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിര്‍ണയിച്ച പ്രകാരം ശമ്പളം നൽകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. സുപ്രീംകോടതി നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍നിന്ന് കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാന്‍ സാധ്യമല്ലെന്നു മുഖ്യമന്ത്രിയും നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ത്ത അന്നു വ്യക്തമാക്കിയിരുന്നു. എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് അര്‍ഹതയുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

ശുപാര്‍ശ നടപ്പായാലുള്ള ശമ്പള ഘടന: 50 കിടക്കകള്‍വരെ- 20,000 രൂപ, 50 മുതല്‍ 100 വരെ കിടക്കകള്‍- 20,900 രൂപ. 100 മുതല്‍ 200 വരെ കിടക്കകള്‍- 25,500 രൂപ, 200നു മുകളില്‍ കിടക്കകള്‍- 27,800 രൂപ എന്നിങ്ങിനെ ആണ്. ട്രെയിനി നിയമനത്തെ നഴ്‌സുമാരുടെ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ട്രെയിനി കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
