സ്നേഹം അത്രമേൽ തീവ്രവും മോഹഭംഗവും ഒടുവിൽ പകയുമായി തീരുമ്പോൾ അത്രയധികം സ്നേഹിച്ചിരുന്ന ഒരാളെ ഉപദ്രവിക്കണം എന്ന മനോഭാവം ഉണ്ടാകുന്നത് എങ്ങനെയാണ്?

  • Post category:news
  • Reading time:2 mins read
You are currently viewing സ്നേഹം അത്രമേൽ തീവ്രവും മോഹഭംഗവും ഒടുവിൽ പകയുമായി തീരുമ്പോൾ അത്രയധികം സ്നേഹിച്ചിരുന്ന ഒരാളെ ഉപദ്രവിക്കണം എന്ന മനോഭാവം ഉണ്ടാകുന്നത് എങ്ങനെയാണ്?

നിധി

വേറിട്ടൊരു കാഴ്ച അനുഭവമായിരുന്നു ഉയരെ. മലയാളസിനിമ ഒരു കാലഘട്ടത്തിൽ അനുഭവിച്ചിരുന്ന കഥാമൂല്യ, കലാമൂല്യ ദാരിദ്ര്യങ്ങളെ എല്ലാം തരണം ചെയ്യുന്നു എന്നതിന്‍റെ തെളിവാണ് നല്ല സിനിമകളുടെ പിറവി. ഒരു പരിധിവരെ ആണധികാരത്തിന്‍റെ മാസ് എൻട്രി ക്ലീഷേകളും സ്ത്രീവിരുദ്ധത കോമഡി ഡയലോഗുകളും അനിവാര്യമല്ലാത്ത രീതിയിൽ കുത്തിനിറച്ച് തീയേറ്ററിൽ കയ്യടി നേടാൻ പടച്ചുവിടുന്ന സ്ഥിരം സിനിമകൾ ഇന്നും നിറസാന്നിധ്യമാണെന്നിരിക്കെ ഒരാളുടെ മനസ്സ് നിറക്കും പോലെ തന്നെ അയാളുടെ ബോധമണ്ഡലത്തിൽ നന്മയും കൃത്യമായ രാഷ്ട്രീയ മൂല്യവും പ്രദാനം ചെയ്യുന്ന മികച്ച സിനിമകൾ ഉണ്ടാകുന്നത് ഒരു പ്രതീക്ഷയാണ്. അതിനോടൊപ്പം തന്നെ സന്തോഷം തരുന്ന മറ്റൊരു കാര്യം സിനിമ അവസാനിക്കുമ്പോൾ തിയേറ്ററിൽ ഉയർന്ന കയ്യടി ശബ്ദം ആണ്. സ്ഥിരം ക്ലീഷേ സിനിമകൾ കണ്ട് ആളുകളുടെ ബുദ്ധി മരവിച്ചു പോയിട്ടില്ല എന്നതിന് തെളിവ് കൂടിയാണ് ഉയരേ പോലെ ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന കയ്യടി.

ഉയരെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്. സ്ത്രീപക്ഷം തകർത്തുകളയുന്ന തീവ്ര വ്യഥയുടെ ന്യൂനപക്ഷമാണ് ഉയരെ എന്ന് ഒരു സുഹൃത്ത് എഴുതിയത് വായിക്കാൻ ഇടയായി. ഉയരെ കണ്ടവരാരും തന്നെ ഗോവിന്ദ് എന്ന കഥാപാത്രത്തിന്‍റെ സ്വഭാവ രൂപവത്കരണത്തെ കുറിച്ച് സംശയങ്ങൾ ഉന്നയിച്ചു കണ്ടില്ലെന്നും അതേ വായനയിൽ ശ്രദ്ധിച്ചിരുന്നു. തികച്ചും ശ്രദ്ധയോടെ വീക്ഷിക്കേണ്ട കഥാപാത്രം തന്നെയാണ് ഗോവിന്ദ്. എന്തുകൊണ്ട് ആളുകളിൽ അത്തരം സ്വഭാവം മോൾഡ് ചെയ്യപ്പെടുന്നു എന്നും ചിന്തിക്കേണ്ടത് തന്നെയാണ്. എന്നിരുന്നാലും സ്നേഹം അത്രമേൽ തീവ്രവും അധീനതയും മോഹഭംഗവും ഒടുവിൽ പകയുമായി തീരുമ്പോൾ അത്ര അധികം സ്നേഹിച്ചിരുന്ന ഒരാളെ ഉപദ്രവിക്കണം എന്ന മനോഭാവം ഉണ്ടാകുന്നത് എങ്ങനെയാണ്? ഗോവിന്ദ് എന്ന കഥാപാത്രത്തിന് തന്‍റെ മാനസികാവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും കൊടുത്തു കൊണ്ട് തന്നെ പറയട്ടെ, ന്യായീകരിക്കാനാകാത്ത പ്രവണതയും ചെയ്തികളും ആണ് കഥാപാത്രത്തിലൂടെ കടന്നുപോകുന്നത്.

ആദ്യമായി ഒരു സിനിമ ചെയ്യുമ്പോൾ എന്തെങ്കിലുമെല്ലാം ചെയ്തു പോകാതെ കാലിക പ്രസക്തിയുള്ള വിഷയം തന്നെ ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ടാകാം മനു അശോകൻ ഉയരെ തന്നെ തെരഞ്ഞെടുത്തത്.
ഉയരങ്ങളിലേക്കുള്ള തന്‍റെ പാതകൾക്ക് ഗോവിന്ദിന്‍റെ അധീനത നിറഞ്ഞ പെരുമാറ്റം പലപ്പോഴും തടസ്സമാകുമ്പോഴും പല്ലവി അയാളെ ഒരമ്മ മകനെ ചേർത്ത് പിടിക്കും പോലെ നെഞ്ചിലേക്കടക്കിപ്പിടിക്കുന്നത് ഒന്നുമാത്രം മതി ആ കഥാപാത്രത്തിലെ നന്മ എത്ര ഉയരങ്ങളിൽ ആണെന്ന് മനസ്സിലാക്കാൻ.

സൈബർ ഇടങ്ങളിൽ നിന്ന് ജീവിതത്തിൽ എന്തൊക്കെ വയലൻസ് നേരിടേണ്ടി വന്നിട്ടും ശക്തമായ ആർജവത്തോടെ തന്‍റെ നിലപാടിൽ അടിയുറച്ചു നിൽക്കാറുള്ള പാർവതി കയ്യൊപ്പ് പതിപ്പിക്കുന്ന കഥാപാത്രം എന്ന നിലയിൽ കൂടി മികവുറ്റതാണ് പല്ലവി എന്ന ക്യാരക്ടർ. എല്ലാത്തരത്തിലും പുരുഷന് വിധേയപ്പെട്ട് മാത്രം ശീലമുള്ള, സ്വന്തമായൊരു വ്യക്തിത്വം പോലും ഉണ്ടാക്കിയെടുക്കാൻ മറന്നു പോയിട്ടുള്ള അഥവാ കഴിഞ്ഞിട്ടില്ലാത്ത എല്ലാ സ്ത്രീകൾക്കും പലതും പഠിക്കാൻ ഉള്ള മികച്ച പാഠപുസ്തകം കൂടിയാണ് ഉയരെ.

0Shares