തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ നടി ഭാവനയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വച്ചു പൊറുപ്പിക്കില്ല. എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പോലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്.

പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പോലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പരിപൂര്‍ണ്ണമായി തെളിയിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. ‘സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെയും അവര്‍ക്ക് താവളമൊരുക്കുന്നവരെയും നിര്‍ദാക്ഷിണ്യം നേരിടും. അതില്‍ ഒരു വീഴ്ചയും അനുവദിക്കില്ല’- ഫേയ്‌സ് ബുക്ക് പേജില്‍ മുഖ്യമന്ത്രി ഇപ്രകാരം രേഖപ്പെടുത്തി.