
തിരുവനന്തപുരം: തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയിരുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ഇതോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയായി. റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു . ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കാൻ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടൻ മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. സോളാർ വിഷയത്തിൽ സഭയിൽ ഇന്ന് ചർച്ചയുണ്ടായില്ല . റിപ്പോർട്ടിന്റെ പകർപ്പ് നിയമസഭാംഗങ്ങൾക്ക് നൽകും .രാവിലെ ഒന്‍പത് മണിക്കാണ് സഭാനടപടികള്‍ ആരംഭിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗ് അംഗ് കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സഭ ഇന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ മാത്രമാണ് ചേരുന്നതെന്നും മറ്റ് നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.
