വയനാട്: ലോക വ്യാപകമായി 150 ലേറെ രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശൃംഖലകളെ നശിപ്പിച്ച റാന്‍സംവെയര്‍ വൈറസ് ഭീകരന്‍ ഒടുവില്‍ കേരളത്തിലുമെത്തി. വയനാട് തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളാണ് റാന്‍ഡ്‌സംവെയര്‍ വൈറസ് കയറി നശിച്ചത്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാവാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാകുമെന്നും ഹാക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മുഴുവന്‍ നശിപ്പിച്ച് കളയുമെന്നും അവര്‍ പറയുന്നു. ഇന്നു രാവിലെ ഓഫീസ് കമ്പ്യൂട്ടര്‍ തുറന്നപ്പോഴാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയത്. കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഏഷ്യയെപ്പോലുള്ള വിവിധ അന്താരാഷ്ട്ര രാജ്യങ്ങളില്‍ റാന്‍സംവെയര്‍ ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആരെ? എപ്പോള്‍? എങ്ങനെ റാന്‍സംവെയര്‍ ആക്രമിക്കും എന്ന കാര്യം അറിയാത്തതിനാല്‍ ലോക രാഷ്ട്രങ്ങള്‍ കൂടുതല്‍ മുന്‍ കരുതലുകളാണ് എടുത്തിരിക്കുന്നത്.

ഇതുവരെയും രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ റാന്‍സംവെയര്‍ വൈറസുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നാണ് യൂറോപ്പിലെ കമ്പ്യൂട്ടര്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സൈബര്‍ ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാന ഐടി മിഷന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എ.ടി.എമ്മുകള്‍ അടച്ചിടാനും സോഫ്റ്റ് വെയര്‍ അപ്‌ഡേഷനു ശേഷം മാത്രമേ എ.ടി.എമ്മുകള്‍ തുറക്കാന്‍ പാടുള്ളൂ എന്നും റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ നൂറു കണക്കിന് കമ്പ്യൂട്ടറുകളെയാണ് ഈ അപകടകാരിയായ വൈറസ് ബാധിച്ചിരിക്കുന്നത്. ശസ്ത്രക്രിയ അടക്കം സകല കമ്പ്യൂട്ടറൈസ്ഡ് പ്രവര്‍ത്തനങ്ങളും ഇതിനാല്‍ തകരാറിലായിരിക്കും എന്നാണ് രഹസ്യവാര്‍ത്തകള്‍ പ്രചരിക്കുന്നത്.