ഊട്ടി: ജയലളിതയുടെ കോടനാട്ടിലെ ബംഗ്ലാവിന്റെ സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡ്യൂട്ടിയിലുള്ള മറ്റൊരു ജീവനക്കാരനെ ഗുരുതര പരിക്കുകളോടെയും കണ്ടെത്തി. അപരിചിതരായ ഒരു സംഘം ആളുകള്‍ ആക്രമിച്ചാണ് സുരക്ഷാ ജീവനക്കാരനായ ഓം ബഹദൂര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അക്രമികള്‍ ബംഗ്ലാവ് തകര്‍ത്ത് വിലപിടിപ്പുള്ള വസ്തുക്കളും മറ്റ് ചില രേഖകളും കൈക്കലാക്കിയതായി പോലീസ് സ്ഥിരീകരിച്ചു.

തൊട്ടടുത്ത തേയില തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് സുരക്ഷാ ജീവനക്കാരായ ഓം ബഹദൂറിനെ കൊല്ലപ്പെട്ട നിലയിലും കിശോര്‍ ബഹദൂറിനെ കൈകാലുകള്‍ ബന്ധിച്ച് രക്തത്തില്‍ കുളിച്ച നിലയിലും കണ്ടെത്തിയത്. രണ്ടു വാഹനങ്ങളിലായി 10ഓളം പേരടങ്ങുന്ന സംഘം പുലര്‍ച്ചെ ഇവിടെ വന്നതായി നാട്ടുകാര്‍ പറഞ്ഞു. കേരളത്തിലേക്കും കര്‍ണാടകത്തിലേക്കും ബന്ധപ്പെടുന്ന എല്ലാ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് മുരളി രംബ അറിയിച്ചു.