ദില്ലി: സുപ്രീംകോടതി ഉത്തരവുപ്രകാരം കഴിഞ്ഞ ദിവസം സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചുവന്ന അലോക് വര്‍മയെ വീണ്ടും മാറ്റി. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സമിതി സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ തീരുമാനിച്ചത്. അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മോദിക്ക് ഇഷ്ട്ടകാരനായ നാഗേശ്വര റാവുവിനെ നിയമിക്കുകയും ചെയ്തുവെന്നാണ് വിവരം. രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സംഭവങ്ങളാണ് സി.ബി.ഐ തലപ്പത്ത് ഇപ്പോൾ നടക്കുന്നത്.
സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ അടുത്തിടെ സി.ബി.ഐയിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ധാക്കിയിരുന്നു. ഇത് കേന്ദ്ര സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാകുന്ന നടപടിയായിരുന്നു. കേന്ദ്ര സർക്കാരിനെതിരായുള്ളതും ബി.ജെ.പി നേതാക്കൾക്കെതിരായിട്ടുള്ളതുമായ നിരവധികേസുകൾ അലോക് വർമ്മ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള സാധ്യത മുന്നിൽകണ്ടുകൊണ്ടാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ അലോക് വർമയെ നിർബന്ധിത അവധി എടുപ്പിച്ചത്. ഇതിനെതിരെ സുപ്രിംകോടതി കഴിഞ്ഞദിവസം അലോക് വർമക്ക് അനുകൂലമായ തീരുമാനം കൈകൊണ്ടു. ഈ തീരുമാനത്തെ പൊളിച്ചടക്കുന്നതാണ് ഇപ്പോഴത്തെ ഈ പുതിയ അഴിച്ചുപണി.