സീതാറാം യെച്ചൂരി ഇനി രാജ്യസഭയിലേക്കില്ല; കോണ്‍ഗ്രസ്സിന്റെ സഹായവും വേണ്ട.

  • Post category:news
  • Reading time:1 min read
You are currently viewing സീതാറാം യെച്ചൂരി ഇനി രാജ്യസഭയിലേക്കില്ല; കോണ്‍ഗ്രസ്സിന്റെ സഹായവും വേണ്ട.

ന്യൂഡല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വീണ്ടും രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേയ്ക്ക് മല്‍സരിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കേണ്ട സാഹചര്യമില്ലെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്നും സാധാരണ വിട്ടുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം എം.പിയായിരുന്നു. അതിനാലാണ് ഇളവ് നല്‍കിയത്. കൂടാതെ രാജ്യസഭയിലേയ്ക്ക് ഒരാളെ രണ്ടു തവണയില്‍ കൂടുതല്‍ മല്‍സരിപ്പിക്കാറില്ലെന്നും സി.പി.ഐ.എം കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി.


ആഗസ്റ്റ് 18 നാണ് സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് യെച്ചൂരി വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.ഐ.എമ്മിനെ അറിയിച്ചത്. പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളില്‍ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളില്‍ അഞ്ചെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈവശവും ഒരെണ്ണം സി.പി.ഐ.എമ്മിനുമാണ്. 294 അംഗ ബംഗാള്‍ നിയമസഭയില്‍ 211 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 44 ഉം, സിപിഐഎമ്മിന് 26 ഉം അംഗങ്ങളാണുള്ളത്. സിപിഐഎം അടക്കം ഇടതുപക്ഷത്തിന് ആകെയുള്ള അംഗബലം 32 മാത്രമാണ്. അതുകൊണ്ട് തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥി മല്‍സരിച്ചാല്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്.കോണ്‍ഗ്രസ്സിന്റെ സഹായം തേടുന്നത് സി.പി എമ്മില്‍ ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു ഏതായാലും യെച്ചൂരി ഇനി രാജ്യസഭയിലേക്കില്ലെന്നുള്ള കാര്യം സി.പി.എം അഖിലേന്ത്യാ നേതൃത്വം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

0Shares