ദില്ലി: സി.ബി.ഐയിലെ ഇടക്കാല നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി. കേസ് കേള്‍ക്കുന്നതില്‍നിന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലും കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റം. സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വരറാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസിലാണ് ജഡ്ജുമാരുടെ പിന്മാറ്റം തുടരുന്നത്.
വ്യാഴാഴ്ച്ച സി.ബി.ഐ മേധാവിയെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയിലും ഉള്ളതിനാൽ കേസ് രണ്ടാം നമ്പർ കോടതിയില്‍ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും എന്നാണ് ചീഫ് ജസ്റ്റിസ് അന്ന് അറിയിച്ചത്. എന്നാൽ കേസ് കോടതിക്ക് മുമ്പാകെ എത്തിയെങ്കിലും കേള്‍ക്കുന്നില്ല എന്ന് ജസ്റ്റിസ് സിക്രിയ അറിയിക്കുകയായിരുന്നു.
ജഡ്ജിമാര്‍ പിന്മാറുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞെങ്കിലും, താന്‍ കേസ് കേള്‍ക്കുന്നില്ല എന്ന നിലപാടിൽത്തന്നെ ജസ്റ്റിസ് സിക്രി ഉറച്ചുനിന്നു. ഈ കേസ് പരിഗണിക്കുന്നതിന് പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കുമെന്നും ജസ്റ്റിസ് സിക്രി വ്യക്തമാക്കി.