സി.പി.എമ്മിന്‍റെ ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി യുവതി; ഏത് അന്വേഷണത്തെയും നേരിടുമെന്നും ബന്ധമില്ലെന്നും പാര്‍ട്ടി വിശദീകരണം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എമ്മിന്‍റെ ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി യുവതി; ഏത് അന്വേഷണത്തെയും നേരിടുമെന്നും ബന്ധമില്ലെന്നും പാര്‍ട്ടി വിശദീകരണം

പാലക്കാട്: സി.പി.എമ്മിന്‍റെ ഓഫീസില്‍ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശേരി സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 16ന് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ കണ്ടെത്തുകയും താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് ഇവര്‍ മൊഴി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് മാഗസിന്‍ തയ്യാറാക്കലിന്‍റെ ഭാഗമായി പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി.

സി.പി.എം അനുഭാവിയാണ് പ്രതി. ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്‍ സി.പി.എം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി ഇരുവര്‍ക്കും ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

0Shares