സയാമീസ് ഇരട്ടകളായ നിമയുടെയും ദവയുടെയും നിര്‍ണായക ശസ്ത്രക്രിയയിലൂടെ ഇന്ന്; പ്രാര്‍ഥനയോടെ അമ്മ ഭുംചു

  • Post category:news
  • Reading time:1 min read
You are currently viewing സയാമീസ് ഇരട്ടകളായ നിമയുടെയും ദവയുടെയും നിര്‍ണായക ശസ്ത്രക്രിയയിലൂടെ ഇന്ന്; പ്രാര്‍ഥനയോടെ അമ്മ ഭുംചു

മെല്‍ബണ്‍: ഭൂട്ടാനില്‍ പിറന്ന സയാമീസ് ഇരട്ടകളായ നിമയേയും ദവയേയും വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഇന്ന് നടക്കും. അമ്മ ഭുംചു സാംഗ്മോക്ക് ഒപ്പം ഒരു മാസം മുമ്പാണ് ‘കുട്ടികള്‍’ മെല്‍ബണിലെത്തിയത്. ജനിച്ചത് മുതല്‍ വേദന മാത്രമായിരുന്നു നിമക്കും ദവക്കും കൂട്ട്. ഒടുവില്‍ നിര്‍ണായകമായ ശസ്ത്രക്രിയയിലേക്ക് കടക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഈ അമ്മയ്ക്ക് കൂട്ട്. ഭൂട്ടാനിലെ ആദ്യ സയാമീസ് ഇരട്ടകളായി 2017 ജൂലൈ 13 നായിരുന്നു ഇരുവരുടെയും ജനനം. ജനിക്കുമ്പോഴേ വയറുകളും, നെഞ്ചിന്റെ ഒരു ഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു നിമയും ദവയും. അതുകൊണ്ടുതന്നെ വളര്‍ന്നുവരുന്തോറും ഇരുവരും അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും അതിരില്ലായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യാനോ ഒന്ന് സ്വതന്ത്രമായി ചലിക്കാന്‍ പോലുമോ അവര്‍ക്ക് സാധ്യമായിരുന്നില്ല.പല ആശുപത്രികളിലും തന്റെ കുഞ്ഞുങ്ങളെയുമായി ഈ അമ്മ കയറിയിറങ്ങി. അത്ര പെട്ടെന്നൊന്നും പരിഹരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കുട്ടികളുടെ ആരോഗ്യനില ശസ്ത്രക്രിയക്ക് അനുകൂലമായ നിലയിലേക്കെത്താന്‍ ഒരുമാസമാണ് കാത്തിരിക്കേണ്ടി വന്നത്. ഇരുവരും കരളും കുടലിന്റെ ഒരു ഭാഗവും പങ്കുവെക്കുന്നുണ്ട്. ഇവ വിജയകരമായി പങ്കുവെക്കാന്‍ കഴിയുമെന്നാണ് റോയല്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി തലവന്‍ ജോ ക്രേമറി പ്രതീക്ഷ പുലര്‍ത്തുന്നത്. ആസ്‌ത്രേലിയയിലെ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെയാണ് നിമയും ദവയും ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. 18 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ആറു മണിക്കൂറെങ്കിലും വേണ്ടിവരും ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ എന്നാണ് കരുതുന്നത്.

0Shares