സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി ഉത്തരവ്

  • Post category:news
  • Reading time:1 min read
You are currently viewing സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി ഉത്തരവ്

തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചുവെന്ന കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്രഫട്‌നാവിസിന് തിരിച്ചടി. ദേവേന്ദ്രഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.ബോംബെ ഹൈക്കോടതിയുടെ ക്ലീന്‍ ചീറ്റ് റദ്ദാക്കുന്നതായി സുപ്രിം കോടതി പറഞ്ഞു.

2014-ല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പിഴവുകള്‍ കണ്ടത്. സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ക്കേസുകളുള്ളത് ഒഴിവാക്കിയെന്നാണ് ഫഡ്‌നാവിസിനെതിരായ കേസ്. നേരത്തേ വിചാരണക്കോടതിയും ബോംബെ ഹൈക്കോടതിയും അദ്ദേഹത്തിന് ‘ക്ലീന്‍ ചിറ്റ്’ നല്‍കിയിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗ്പുര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനിരിക്കെയാണ് ഫഡ്‌നാവിസിനു തിരിച്ചടിയേറ്റത്. നിലവില്‍ നാഗ്പുര്‍ സൗത്തില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എയാണ്.

വസന്ത് റാവു നായിക്കിനു ശേഷം മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്തിലിരുന്ന് കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മാത്രം വ്യക്തിയാണ് ഫഡ്‌നാവിസ്. ബി.ജെ.പി നേതാവായ ഫഡ്‌നാവിസ് 2014 ഒക്ടോബര്‍ 31-നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശരദ് പവാറിനു ശേഷം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാളാണ് അദ്ദേഹം. അഭിഭാഷകനായ സതീഷ് ഉക്കേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

0Shares