സംസ്ഥാന വ്യാപകമായി ശക്തമായ മഴ; കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു; അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന വ്യാപകമായി ശക്തമായ മഴ; കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു; അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. പാരിപ്പള്ളിക്ക് സമീപത്താണ് സംഭവം. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ ആനപ്പാപ്പാന്‍മാരാണ്. ശക്തമായ മഴയെ തുടര്‍ന്ന് പുത്തന്‍ കുളത്ത് പാപ്പാന്മാര്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചിരുന്നു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനിയാണ് മരിച്ചത്. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് മഴയില്‍ തകരുകയായിരുന്നു. കേരളത്തില്‍ അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒറീസക്കടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares