
അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ബി.ജെ.പി സംസ്ഥാന വ്യാപകമായി സിപിഎമ്മിനെതിരേ ആക്രമണം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് ത്രിപുര ഉപതെരഞ്ഞടുപ്പില്‍നിന്നു സി.പി.എം പിന്‍മാറി. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന രമേന്ദ്ര നാരായണ്‍ ദബര്‍മയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച, ചാരിലാന്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍നിന്നാണ് സി.പി.എം പിന്‍മാറിയത്.

മണ്ഡലത്തിലാകെ സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ അക്രമം നടന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതു സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതോടെയാണ് സി.പി.എം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ സ്ഥാനാര്‍ഥിക്കു മണ്ഡലത്തിലേക്കു പോലീസ് സംരക്ഷണയില്‍പോലും പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ബഹിഷ്‌കരണ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം കുറ്റപ്പെടുത്തി. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ജിഷ്ണു ദേബ് വര്‍മനാണ് ചാരിലാന്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ഇവിടുത്തെ ആദിവാസി മേഖലയിലെ രാജകുടുംബാംഗമാണ് ഇദ്ദേഹം. മാര്‍ച്ച് 12നാണ് ചരിലാനില്‍ വോട്ടെടുപ്പ് നടക്കുന്നത്.
