തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ഒന്‍പതുപേര്‍മരിച്ചു. നാലുപേരെ കാണാതായി. മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി കിഴിഞ്ഞാലില്‍ അബ്ദുല്‍ റഹീമിന്റെ മകന്‍ അദ്‌നാന്‍ മരിച്ചു. കണ്ണൂര്‍ കരിയാട്ട് വൃദ്ധ പാര്‍ത്തും വലിയത്ത് നാണി തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കാട്ടയം മേലമ്പാറയില്‍ വെള്ളക്കെട്ടില്‍വീണ് കുന്നത്ത് കെ.വി. ജോസഫ്, മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി എന്നിവര്‍ മരിച്ചു.
വയനാട് പേരിയ മുപ്പത്തെട്ടാം മൈലില്‍ തോട്ടില്‍ കാണാതായ ഏഴുവയസുകാരന്‍ അജ്മല്‍ മരിച്ചു. മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠന്‍, ചാലില്‍ വെള്ളാരം കുത്ത് ആദിവാസി കോളനിയില്‍ താമസിക്കുന്ന ടോമി ചികിത്സ വൈകി മരിച്ചു. കാറ്റില്‍ ചെരിഞ്ഞ മരം മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണാണ് ചവറ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ബെനഡിക്ട് മരിച്ചത്. തേവലക്കരയില്‍ വെള്ളക്കെട്ടിനു സമീപത്തെ ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ആറാംക്ലാസ് വിദ്യാര്‍ഥി അനൂപ് മരണപ്പെട്ടു. മധ്യകേരളത്തിലാണ് കൂടുതല്‍ നാശം വിതച്ചത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളത്ത് സിഗ്‌നല്‍ സംവിധാനം തകരാറിലായതോടെ മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
ഇടുക്കി ജില്ലയിലെ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടി. മേത്തൊട്ടിയില്‍ ഒരു വീട് ഒലിച്ച് പോയി. വണ്ടിപെരിയാറിലെ റോഡുകളില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. ഓള്‍ഡ് മൂന്നാര്‍ മേഖലയിലും മിക്കയിടങ്ങളില്‍ വെള്ളം കയറി.
കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. മുതിര പുഴയാര്‍ കരകവിഞ്ഞ് ഒഴുകുന്നു, 150 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. എഴുപുന്നയിലും മുളന്തുരുത്തിയിലും റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് എറണാകുളത്തു നിന്നും കോട്ടയം ആലപ്പുഴ റൂട്ടുകളിലൂടെയുള്ള തീവണ്ടി ഗതാഗതം സ്തംഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനവും തകരാറിലായി. എറണാകുളത്തു നിന്നുള്ള എട്ടു പാസഞ്ചറുകള്‍ റദ്ദാക്കി. മറ്റ് ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. കോട്ടയം തീക്കോയി മുപ്പതേക്കറിലും,ഏന്തയാര്‍ ഇടങ്കാടിലും ഉരുള്‍പൊട്ടി വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. മീനച്ചിലാര്‍ കര കവിഞ്ഞൊഴുകുന്നു. പാലാ, ഈരാറ്റുപേട്ട നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടയിലായി. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് അടക്കം നിര്‍ത്തിവെച്ചു.
മണിമലയാറ്റില്‍ വീണ് ഒരാള്‍ മരിച്ചു. കുട്ടനാട്ടില്‍ കൈനകരിയില്‍ രണ്ടിടങ്ങള്‍ മട വീണു. 700 ഏക്കര്‍ കൃഷി നശിച്ചു. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു, 300 അധികം പേരെ മാറ്റി പാര്‍പ്പിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. വണ്ടാനത്തിന് സമീപം ബാര്‍ജ് തീരത്തടുത്തു. കൊച്ചി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗതാഗതകുരുക്കും. എംജി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ വീടുകളിലും കടകളിലും വെള്ളം കയറി. പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറത്തെ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരുടെ ലേബര്‍ ക്യാംപുകളില്‍ വെള്ളം കയറി. തീരമേഖലയില്‍ കടലാക്രമണം കൂടി രൂക്ഷമായതോടെ പറവൂരിലും,ചെല്ലാനത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.കോതമംഗംലം മൂവാറ്റുപുഴ താലൂക്കുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.
സംസ്ഥാനത്ത കനത്ത മഴ; മരണം ഒന്‍പതായി; പലേടത്തും വെള്ളപ്പൊക്കം; എട്ടു ട്രെയിനുകള്‍ റദ്ദാക്കി