
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. തലസ്ഥാനത്ത് തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കെ.എസ്ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പുറത്താണ് ഉപരോധം. അതിനാല്‍ തന്നെ ഒരുമണിക്കൂറായി ഇവിടെ നിന്ന് ബസ്സുകള്‍ ഒന്നും പുറപ്പെട്ടിട്ടില്ല. പാളയം ഭാഗത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ തമ്പാനൂരിലേക്ക് എത്തിയത്. രാവിലെ ആറരയോടെ ബസ് സ്‌റ്റേഷനില്‍ എത്തി സര്‍വീസ് നടത്തരുതെന്ന് ചില പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം വാഹനങ്ങള്‍ തടഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനേയും ഒപ്പമുണ്ടായിരുന്ന 15 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി, വി.സി ജെന്നി എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് ഗീതാനന്ദന്‍ പ്രതികരിച്ചു.
തൃശൂര്‍ വലപ്പാട്ട് കെ.എസ്ആര്‍.ടി.സി ബസ്സിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് അത്തോളി മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂര്‍ പുതിയ തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ ബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് താത്കാലികമായി കെ.എസ്ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ശാസ്താംകോട്ടയിലും കെ.എസ്ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.
