
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. 30 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 15 , യു.ഡി.എഫ് 12 , ആര്‍.എം.പി 1 , സ്വതന്ത്രര്‍ 2 സീറ്റുകള്‍ വീതം നേടി. ബി.ജെ.പിക്ക് സീറ്റൊന്നും നേടാനായില്ല. മലപ്പുറം ജില്ലയിൽ എല്‍.ഡി.എഫ് ശക്തി തെളിയിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കവനൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. മലപ്പുറം കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി സി.ഒ ബാബുരാജ് 260 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് നഷ്ടമായി. കോഴിക്കോട് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ 187 വോട്ടിന് എല്‍.ഡി.എഫിലെ രാജന്‍ വിജയിച്ചു. ഇതോടെ പുതുപ്പാടി പഞ്ചായത്ത് ഭരണം കൂടി എല്‍.ഡി.എഫ് കൈപ്പിടിയിൽ ഒതുക്കി. ശബരിമല വിഷയം ഏറെ ചര്‍ച്ചയായ റാന്നിയിൽ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. സുധാകുമാരിയാണ് 55 വോട്ടിൻ്റെ ഭൂരിപക്ഷം നേടി വിജയിച്ചത്. ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്തുമായി.

എന്നാൽ വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫാണ് വിജയം നേടിയത്. ഇവിടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും. കൂടാതെ കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറി വിജയം നേടാനായി. ആലപ്പുഴയിലും സമാന സംഭവമുണ്ടായി കരുവാറ്റ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മലപ്പുറം വണ്ടൂര്‍ ബ്ലോക്ക് ചെമ്പ്രശേരി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എച്ച് മൊയ്തീന്‍ വിജയിച്ചു. അതേസമയം സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയ ഒഞ്ചിയം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എം.പിക്ക് വിജയം സ്വന്തമാക്കാനായി. ഇതോടെ പഞ്ചായത്ത് ഭരണം കൂടി ആര്‍.എം.പി നില നിര്‍ത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മല്‍സരിച്ച ബി. മെഹബൂബ് വിജയിച്ചു.
