
ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സർക്കാരിന്‍റെ നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ.
1985 ബാച്ച് ഐ.പി.എസ് ഓഫീസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ എം.ഡിയാണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു.
