
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുടലെടുത്ത സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗത്തില്‍ ബഹളം. കെ.കെ. രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയില്‍ കെ.കെ. രാഗേഷ് വേദിയില്‍ ഇരിക്കുന്നതു ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ജനപ്രതിനിധി എന്ന നിലയിലാണ് രാഗേഷിനെ വേദിയിലിരിലുത്തിയതെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയാറായില്ല.

തുടര്‍ന്ന്, സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് യു.ഡി.എഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. അതേസമയം, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നിരാഹാരസമരം കണ്ണൂരില്‍ തുടരുകയാണ്. സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്തദിവസം ഡി.ജി.പിയെ നേരില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കും.
കണ്ണൂരിനും കേരളത്തിനു മുഴുവന്‍തന്നെയും അപമാനകരമായ കൊലപാതകങ്ങളില്‍ നിന്നു രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തിരിയണമെന്നും സച്ചിദാനന്ദന്‍, സക്കറിയ, കെ.ജി.ശങ്കരപ്പിളള, ബി.രാജീവന്‍ എന്നിവരടക്കം 30 പേര്‍ ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഷുഹൈബിന്റെ കൊലപാതകത്തില്‍ സാഹിത്യലോകം നിശബ്ദത തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പ്രസ്താവന.
