ശശിതരൂരിനെതിരെ ഗുരുതര ആരോപണവുമായി അര്‍ണാബിന്റെ റിപ്പബ്ലിക് ചാനല്‍; ചാനലിനെ വെല്ലുവിളിച്ച് ശശിതരൂരും.

  • Post category:news
  • Reading time:2 mins read
You are currently viewing ശശിതരൂരിനെതിരെ ഗുരുതര ആരോപണവുമായി അര്‍ണാബിന്റെ റിപ്പബ്ലിക് ചാനല്‍; ചാനലിനെ വെല്ലുവിളിച്ച് ശശിതരൂരും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍. പുതിയ വെളിപ്പടുത്തലുകള്‍ സുനന്ദയുടെ മരണത്തില്‍ ശശിതരൂരിനെ സംശയിക്കുന്നവയാണ്. സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നതിന്റെ തൊട്ട് മുമ്പ് ലീല ഹോട്ടലില്‍ അസ്വാഭാവിക സംഭവങ്ങളാണ് അരങ്ങേറിയതെന്ന് ചൂണ്ടികാണിക്കുന്ന ഓഡിയോ ടേപ്പുകളാണ് റിപ്പബ്ലിക് ചാനല്‍ പുറത്ത് വിട്ടത്. പാക് മാധ്യമ പ്രവര്‍ത്തകയുമായുള്ള ബന്ധത്തെച്ചൊല്ലി സുനന്ദപുഷ്‌കറും ശശിതരൂരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സുനന്ദയെ കാണാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തക പ്രേമ ശ്രീദേവിയെ തടഞ്ഞതടക്കമുള്ള കാര്യങ്ങളാണ് റിപ്പബ്ലിക് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദപുഷ്‌കര്‍ മരണപ്പെടുന്നത്. അന്നേ ദിവസവും അതിന്റെ തലേദിവസും സുനന്ദയുമായും ശശിതരൂരിന്റെ സഹായി ആര്‍.കെ ശര്‍മ്മയുമായും വിശ്വസ്തന്‍ നാരയണുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുമാണ് അര്‍ണാബ് ഗോസ്വാമി ചാനലിലൂടെ പുറത്ത് വിട്ടത്. സുനന്ദ മാധ്യമങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നാണ് ചാനല്‍ പുറത്ത് വിട്ട ശബ്ദരേഖയില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാം വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിന് അവസരമുണ്ടാകുന്നതിന് മുമ്പ് അവര്‍ മരിച്ച വാര്‍ത്ത പുറത്തുവന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. 2014 ജനുവരി 16ന് സുനന്ദയുമായി കൂടിക്കാഴ്ച്ച നടത്താന്‍ എത്തിയപ്പോള്‍ അവര്‍ 307 ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നു എന്നാണ് സഹായി അറിയിച്ചത് എന്നും, എന്നാല്‍ സുനന്ദയെ കാണാന്‍ ആ മുറിയിലെത്തിയപ്പോള്‍ സഹായി തടഞ്ഞുവെന്നും പ്രേമ ശ്രീദേവി പറയുന്നു. ബലം പ്രയോഗിച്ച് മുറിയിലെത്തിയപ്പോള്‍ സുനന്ദയുമായുള്ള തര്‍ക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊടുക്കരുതെന്ന് ശശിതരൂര്‍ പറഞ്ഞുവെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.

സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ട ജനുവരി 17 ന് രാവിലെ 4.10ന് അടിയന്തിരമായി ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ട് സുനന്ദ തനിക്ക് എസ്.എം.എസ് അയച്ചുവെന്ന് അവര്‍ പറയുന്നു. രാവിലെ സഹായിയെ ഫോണില്‍ വിളിച്ച ശേഷം ഹോട്ടിലിലെത്തിയെങ്കിലും സുനന്ദ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാവിലെ ആറരക്ക് തരൂര്‍ പുറത്ത് പോയെന്നും തലേന്ന് രാത്രി മുഴുവന്‍ സുനന്ദ കരയുകയായിരുന്നുവെന്നും സഹായി നാരായണ്‍ പറയുന്നുണ്ട്. വൈകിട്ട് മാത്രമേ തിരിച്ചു വരൂ എന്നറിയിച്ച ശശി തരൂര്‍ ഉടന്‍ മടങ്ങിയെത്തിയെന്നും നാരായണ്‍ പറയുന്നു. ഈ സന്ദര്‍ശനത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ചാനല്‍ ആരോപിക്കുന്നത്. പിന്നീട് വൈകിട്ട് ആറ് മണിവരെ പല തവണ ഫോണില്‍ വിളിക്കുമ്പോഴും സുനന്ദ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റില്ലെന്നാണ് മറുപടി. ഒടുവില്‍ രാത്രി എട്ട് മണിയോടെ സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ 345-ാം നമ്പര്‍ മുറിയില്‍ കണ്ടെത്തി. 307 ലായിരുന്ന സുനന്ദയുടെ മൃതദേഹം എന്തിന് 345-ാം നമ്പര്‍മുറിയില്‍ കൊണ്ടുവന്നെന്ന് സംശയവും റിപ്പബ്ലിക് ചാനല്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ചാനല്‍ റേറ്റിങ് കൂട്ടാനും വേണ്ടി ധാര്‍മികത ലവലേശമില്ലാത്ത ജേണലിസ്റ്റെന്ന് അവകാശപ്പെടുന്ന ആള്‍ ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് ശശിതരൂര്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. വാര്‍ത്തകളില്‍ ഇത്തിരിയെങ്കിലും സത്യമുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയിക്കാന്‍ അര്‍ണാബ് ഗോസ്വാമിയെ വെല്ലുവിളിച്ചിരിക്കുകയാണ് ശശിതരൂര്‍.

സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെയും അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസ് വഴിമുട്ടി. അല്‍പ്രാക്‌സ് ഗുളികകളുടെ അമിത ഉപയോഗം, കരിക്കിന്‍ വെള്ളം കുടിച്ചതിനാല്‍ തുടങ്ങിയ നിരവധി കാരണങ്ങളാണ് സുനന്ദയുടെ മരണവുമായി ശശിതരൂര്‍ മുന്നോട്ട് വച്ചത്. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിഷം ഉള്ളില്‍ച്ചെന്നതാണ് സുനന്ദയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആര്‍ക്കെതിരെയും തെളിവില്ലാത്തതിനാല്‍ കേസന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. അര്‍ണാബ് ഗോസ്വാമിയുടെ പുതിയ വെളിപ്പെടുത്തല്‍ ശശിതരൂരിന്റെ രാഷ്ട്രീയ ഭാവിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായുള്ള തരൂരിന്റെ പേരും സജീവ ചര്‍ച്ചയിലിരിക്കെയാണ് തരൂരിനെതിരെ കടുത്ത ആരോപണവുമായി ചാനല്‍ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപരാഷ്ട്രപതിയായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ശശിതരൂരിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കെയാണ് പുതിയ ആരോപണം. ഇല്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയിലെ പദവികള്‍ നല്‍കുന്ന കാര്യത്തിലും ബി.ജെ.പിക്കകത്ത് സജീവ ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസ് എം.പി കൂടിയായ ശശിതരൂരിന്റെ പേര്. അത്‌കൊണ്ട് തന്നെ പുതിയ ചാനലിലൂടെ അര്‍ണാബ് നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ തന്ത്രമാണോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.

https://www.youtube.com/watch?v=47v17Wvpx9c

0Shares