തിരുവനന്തപുരം: എസ്.പി യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍. ശബരിമലയിലെ പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് അനുമോദന പത്രം നല്‍കിയത്. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബി.ജെ.പിയില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. കെ.എസ്.ആര്‍.ടി.സി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുമെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കി.
ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കെ.പി ശശികലയെ അറസ്റ്റുചെയ്ത പോലീസുകാരികള്‍ക്കു ഡിജിപിയുടെ സമ്മാനം. 10 വനിതാ പൊലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സിഐമാരായ കെ.എ.എലിസബത്ത്, രാധാമണി, എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്.അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍. സി.ഐമാര്‍ക്ക് 1000 രൂപ വീതവും എസ്.ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു.
ശബരിമലയിലെ സേവനം; എസ്.പി യതീഷ് ചന്ദ്രയ്ക്ക് സര്‍ക്കാരിൻ്റെ അനുമോദന പത്രം