റാഞ്ചി: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്ന കിസ് ഓഫ് ലൗ പ്രതിഷേധം വീണ്ടും. ഇപ്പോളിതാ ഏറെ കാലത്തിനു ശേഷം വീണ്ടുമൊരു ചുംബന വിവാദം നടന്നിരിക്കുന്നു. കേരളത്തിലല്ല, ഇത്തവണ ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. ചുംബന സമരമല്ല, മറിച്ച് ചുംബന മല്‍സരമാണ് ഇവിടെ അരങ്ങേറിയത്. ചുക്കാന്‍ പിടിച്ചതോ എംഎല്‍എമാരും. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ (ജെ.എം.എം) രണ്ട് എം.എല്‍.എമാരാണ് ചുംബന മല്‍സരം സംഘടിപ്പിച്ച് പുലിവാല്‍ പിടിച്ചത്. ഇരുവരെയും നിയമസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി രംഗത്തു വന്നു കഴിഞ്ഞു.സന്തല്‍ പര്‍ഗാനയിലെ ലിത്തിപറയില്‍ നിന്നുള്ള എം.എല്‍.എയായ സൈമണ്‍ മറാന്‍ഡിയും സ്റ്റീഫന്‍ മറാന്‍ഡിയുമാണ് ചുംബന മല്‍സരം സംഘടിപ്പിച്ചത്. പാക്കൂരിലുള്ള ദുമാരിയ ഗ്രാമത്തിലാണ് ഡിസംബര്‍ 10ന് ചുംബന മല്‍സരം സംഘടിപ്പിച്ചത്. ആദിവാസികളുടെ വാര്‍ഷികോല്‍സവത്തിലായിരുന്നു ഇത്തരമൊരു രസകരമായ മല്‍സരം. എല്ലാ വര്‍ഷവും ഇവിടെ വാര്‍ഷിക പരിപാടികള്‍ നടക്കാറുണ്ടെങ്കിലും ചുംബനമല്‍സരം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.
ദമ്പതിമാര്‍ക്കിടയിലെ സ്‌നേഹം ഊട്ടി വളര്‍ത്താന്‍ ഈ ചുംബന മല്‍സരം കൊണ്ട് സാധിക്കുമെന്നാണ് എം.എല്‍.എ സൈമണ്‍ മറാന്‍ഡി ചടങ്ങില്‍ പറഞ്ഞത്. ആദിവാസികള്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതു കുറയ്ക്കാനും ഈ മല്‍സരം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസി ദമ്പതികളുടെ ചുംബന വീഡിയോ ഇതിനകം വൈറലായി മാറിയിട്ടുണ്ട്. ദമ്പതികള്‍ ചുംബിക്കുമ്പോള്‍ നാട്ടുകാര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം ആദിവാസി സമൂഹത്തിനു തന്നെ അപമാനമുണ്ടാക്കുന്നതാണെന്നാണ് ജാര്‍ഖണ്ഡ് മന്ത്രിയും ബി.ജെ.പി നേതാവുമായ നീല്‍കാന്ത് സിങ് മുണ്ട പ്രതികരിച്ചത്. ചുംബന സമരത്തിലെ വിജയികള്‍ക്കു സമ്മാനം നല്‍കിയ സൈമണ്‍ മറാന്‍ഡിയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. സൈമണ്‍ മറാന്‍ഡിയും സ്റ്റീഫന്‍ മറാന്‍ഡിയും ചേര്‍ന്ന് സന്തല്‍ പര്‍ഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെയാണ് ഇത്തരമൊരു സമരത്തിലൂടെ അപമാനിച്ചിരിക്കുന്നതെന്നു ബി.ജെ.പിയുടെ ജാര്‍ഖണ്ഡ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹേംലാല്‍ മുര്‍മു ആരോപിച്ചു.
https://www.youtube.com/watch?v=lNgpaN29OOc
