‘വിഷമിക്കേണ്ട എല്ലാം ശരിയാകും” കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്കിടയില്‍ ഏഴാം ക്ലാസുകാരി എഴുതിയ ആശ്വാസവാക്കുകള്‍ വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing ‘വിഷമിക്കേണ്ട എല്ലാം ശരിയാകും” കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്കിടയില്‍ ഏഴാം ക്ലാസുകാരി എഴുതിയ  ആശ്വാസവാക്കുകള്‍ വൈറലായി

ഹൈദരാബാദ്: ”വിഷമിക്കേണ്ട എല്ലാം ശരിയാകും” ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്കിടയില്‍ ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ടൈംസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മാളവിക അലീക്കലാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കായി വിദ്യാലയത്തില്‍ ശേഖരിച്ച സാധനങ്ങള്‍ക്കൊപ്പം പ്രതീക്ഷയുടെ ഈ കുറിപ്പ് എഴുതി വച്ചത്. കേരളത്തില്‍ വെള്ളപ്പൊക്കം എന്ന് കേട്ടപ്പോള്‍ ആകെ വിഷമത്തിലായിരുന്നു. കേരളത്തിലെ ദുരിതബാധിതര്‍ക്ക് വിദ്യാലയത്തില്‍ നിന്നും അവശ്യസാധനങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചതിനെ ഭാഗമായി കുട്ടികളോടും തങ്ങളാല്‍ കഴിയുന്നത് കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്‌കൂളില്‍ ഏല്‍പ്പിച്ചത്. അതിനൊപ്പം ആശ്വാസവാക്കുകളും അവള്‍ എഴുതിച്ചേര്‍ത്തു. മലയാളം എഴുതാന്‍ അറിയാന്‍ പാടില്ലാത്ത അവള്‍ don’t worry എന്നതിന്റെ മലയാളം അമ്മയോട് ചോദിച്ചു. അമ്മയാണ് അവളുടെ ആവശ്യപ്രകാരം വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നല്‍കിയത്. അതിനുതാഴെ തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും അവള്‍ വരച്ചുചേര്‍ത്തു.വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടെ എത്തിയ സാധനങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനിടയിലാണ് മാളവികയുടെ കുറിപ്പ് ശ്രദ്ധയില്‍പെട്ടത്. ആ കുറിപ്പും സാധനങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മാങ്കാവ് പട്ടേല്‍താഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് മാളവിക. അഞ്ചുകൊല്ലം ദില്ലിയിലെ പഠനത്തിനുശേഷം ഈ പതിനൊന്നു വയസ്സുകാരി തെലുങ്കാനയിലെ ടൈംസ് സ്‌കൂളില്‍ ചേര്‍ന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതും മറ്റു സംസ്ഥാനങ്ങളിലാണ്.

0Shares