വിപ്ലവകാരികളിലെ വിപ്ലവകാരിയും ദാര്‍ശനികനിലെ മഹാദാര്‍ശനികനുമായ കാള്‍ മാര്‍ക്‌സിൻ്റെ 200 ാം ജന്മദിനം ഇന്ന്; ലോകമെങ്ങും വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍

  • Post category:news
  • Reading time:2 mins read
You are currently viewing വിപ്ലവകാരികളിലെ വിപ്ലവകാരിയും ദാര്‍ശനികനിലെ മഹാദാര്‍ശനികനുമായ കാള്‍ മാര്‍ക്‌സിൻ്റെ 200 ാം ജന്മദിനം ഇന്ന്; ലോകമെങ്ങും വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍

പീതാംബരന്‍ കുറ്റിക്കോല്‍

കാള്‍ മാര്‍ക്‌സിന് ഇരുന്നൂറ് വയസ്സ്. മൂലധനത്തിന് നൂറ്റിയമ്പതും. മനുഷ്യൻ്റെ ചിന്താഗതിയും ലോകത്തിൻ്റെ ഗതിയും മാറ്റിമറിച്ച രണ്ട് ശതാബ്ദങ്ങള്‍! നമ്മുടെ സമൂഹനിര്‍മ്മിതിയില്‍ മൂലധനത്തിൻ്റെ പങ്കെന്തായിരുന്നു എന്ന് അന്വേഷിക്കുകയാണ് ലോക തൊഴിലാളിവര്‍ഗം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകന്മാരില്‍ പ്രമുഖനും മാര്‍ക്‌സിയന്‍ തത്ത്വശാസ്ത്രത്തിൻ്റെ ശില്പിയുമായിരുന്ന കാള്‍ മാര്‍ക്‌സിന് 200 ാം ജന്മദിനം (മേയ് 5, 1818). തത്ത്വചിന്തകന്‍, ചരിത്രകാരന്‍, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങളാണ്. കാള്‍ ഹെന്റിച്ച് മാര്‍ക്‌സ് എന്നാണ് പുര്‍ണനാമം. മനുഷ്യസമൂഹത്തിൻ്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായി കാള്‍ മാര്‍ക്‌സ് അറിയപ്പെടുന്നു. അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.
യൂണിവേഴ്‌സിറ്റി ഓഫ് ബോണ്‍, യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സര്‍വകലാശാല വിദ്യാഭ്യാസത്തിനിടക്കു ‘യുവ ഹേഗേലിയന്മാര്‍’ എന്നറിയപ്പെട്ടിരുന്ന പ്രഷ്യന്‍ ബുദ്ധിജീവികളുടെ ആശയങ്ങളില്‍ ആകൃഷ്ടനായി. പാരീസില്‍ വച്ചാണ് കാള്‍ മാര്‍ക്‌സ് ഫ്രെഡറിക് ഏംഗല്‍സിനെ കണ്ടുമുട്ടുന്നത്. പിന്നീട് രണ്ടുപേരും ചേര്‍ന്ന് പുസ്തകങ്ങള്‍ എഴുതാനും പ്രവര്‍ത്തിക്കാനും തുടങ്ങി. ബ്രസല്‍സിലേക്കു നാടുകടത്തപ്പെട്ട കാള്‍ മാര്‍ക്‌സ് അവിടെ കമ്മ്യൂണിസ്റ്റ് ലീഗിൻ്റെ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആയിമാറി. 1849 ല്‍ സര്‍ക്കാര്‍ കാള്‍മാര്‍ക്‌സിനെ ലണ്ടനിലേക്ക് നാടുകടത്തി.സമൂഹത്തിൻ്റെ അടിസ്ഥാനശിലയായി തൊഴിലാളിവര്‍ഗത്തെ കാണുകയും അവരോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്യുകയും വഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആധാരമായ തത്ത്വചിന്താ പദ്ധതിയായ ശാസ്ത്രീയ സോഷ്യലിസത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഭാവിയില്‍ മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ പോകുന്നു എന്ന് മാര്‍ക്‌സ് പ്രവചിക്കുകയും, തൻ്റെ നിരീക്ഷണങ്ങളെ യുക്തിപൂര്‍വം സമര്‍ത്ഥിക്കുകയും ചെയ്തു. കാള്‍ മാര്‍ക്‌സിൻ്റെ സാമൂഹ്യ, സാമ്പത്തിക ആശയങ്ങളെ മാര്‍ക്‌സിസം എന്നു വിളിക്കപ്പെടുന്നു. ചൂഷകവര്‍ഗ്ഗവും ചൂഷിതവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാള്‍ മാര്‍ക്‌സ് പറയുന്നു. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ രീതിയെ മുതലാളിത്തം എന്ന് കാള്‍ മാര്‍ക്‌സ് വിശേഷിപ്പിച്ചു. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലെ സ്വേച്ഛാധിപതികളും സ്വന്തം ലാഭത്തിനായി മാത്രം ജീവിച്ചുവരുന്നവരുമായ ബൂര്‍ഷ്വാസികള്‍ അഥവാ മുതലാളിവര്‍ഗവും, അവരാല്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ അഥവാ വര്‍ഗസമരത്തില്‍ ആയിരിക്കും. ആ സംഘര്‍ഷത്തിനൊടുവില്‍ മുതലാളിത്തം തകര്‍ക്കപ്പെടുകയും പകരം സോഷ്യലിസം എന്ന പുതിയ രീതി നടപ്പില്‍ വരുകയും ചെയ്യുമെന്ന് കാള്‍ മാര്‍ക്‌സ് വിശ്വസിച്ചു. സോഷ്യലിസം നടപ്പിലാകുന്ന ഒരു സമൂഹത്തില്‍ തൊഴിലാളി വര്‍ഗം ആയിരിക്കും സമൂഹത്തെ ഭരിക്കുക. സോഷ്യലിസത്തിൻ്റെ അടുത്ത ഘട്ടമായി വര്‍ഗരഹിതമായ, മനുഷ്യരെല്ലാം സമന്മാരായി ജീവിക്കുന്ന, കമ്മ്യൂണിസം എന്ന ഒരു സാമൂഹ്യ സംവിധാനം നിലവില്‍ വരും. സോഷ്യലിസവും, കമ്മ്യൂണിസവും സാമൂഹ്യവികാസത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളാണെന്ന് മാര്‍ക്‌സ് വിശ്വസിച്ചിരുന്നു. എന്നാല്‍ സോഷ്യലിസം ആദ്യം നടപ്പിലാക്കാനാണ് കാള്‍ മാര്‍ക്‌സ് പരിശ്രമിച്ചിരുന്നത്. മാര്‍ക്‌സിൻ്റെ ആശയങ്ങളെ സ്വീകരിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പിന്നീട് പലരാജ്യങ്ങളിലും അധികാരത്തിലെത്തുകയുണ്ടായി. 1917 ല്‍ സോവിയറ്റ് യൂണിയനും, 1949 ല്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയും ഇതിനുദാഹരണങ്ങളാണ്. ലോകത്തെമ്പാടും പല തൊഴിലാളി യൂണിയനുകളും, തൊഴിലാളിവര്‍ഗ പാര്‍ട്ടികളും മാര്‍ക്‌സിൻ്റെ  ആശയങ്ങളെ പിന്തുടരുന്നവയാണ്. ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, എന്നിവയെല്ലാം പിന്നീട് മാര്‍ക്‌സിൻ്റെ ആശയങ്ങളില്‍ നിന്നും രൂപാന്തരം പ്രാപിച്ചതാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിൻ്റെ ശില്‍പികളായ, എമിലി ദുര്‍ക്കെയിമും, മാക്‌സ് വെബറും തങ്ങള്‍ പിന്നീട് രൂപപ്പെടുത്തിയെടുത്ത ആശയങ്ങള്‍ക്ക് ആധികാരികമായി കടപ്പെട്ടിരിക്കുന്നത് കാള്‍ മാര്‍ക്‌സിനോടാണത്രെ..

0Shares