കിങ്സ്റ്റണ്‍: വിന്ഡിസിനെതിരായുള്ള ഏക ട്വന്റി-20യില്‍ ഇന്ത്യക്ക് തോല്‍വി. ആതിഥേയരായ വിന്‍ഡീസിനോട് ഇന്ത്യ ദയനീയമായി തന്നെ പരാജയപ്പെട്ടു എന്ന് പറയാം. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും തകര്‍ത്തടിച്ച എവിന്‍ ലൂയിസിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്കെതിരെ വിന്‍ഡീസ് ഒമ്പതു വിക്കറ്റ് ജയം സ്വന്തമാക്കിയത്. 62 പന്ത് മാത്രം നേരിട്ട് ലൂയിസ് 125റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. വിരാട് കോഹ്ലി (39) ഓപണറായി ഇറങ്ങി, ശിഖര്‍ ധവാനൊപ്പം (23) മികച്ച തുടക്കം നല്കി. പിന്നാലെ ഋഷഭ് പന്തും (38) ദിനേശ് കാര്‍ത്തികും (48) നന്നായി ബാറ്റ് വീശി. 29 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് കാര്‍ത്തിക് ടോപ് സ്കോററായത്. ജെറോം ടെയ്ലറും കെസ്റിക് വില്യംസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വെടിക്കെട്ട് താരം ക്രിസ് ഗെയ്ലിനെ ഉള്‍പ്പെടുത്തിയാണ് വിന്‍ഡീസ് കളിച്ചത്.