വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവന്മാരാകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

  • Post category:news
  • Reading time:2 mins read
You are currently viewing വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവന്മാരാകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

കാസർകോട്: വിദ്യാഭ്യാസം ഡിഗ്രി നേടുന്നത് കൊണ്ട് അവസാനിക്കേണ്ടതല്ലെന്നും സമൂഹത്തിന് അനിവാര്യമായ സമയത്ത് ഉപകരിക്കുന്നതാകണമെന്നും ഗവര്‍ണര്‍ ജസ്റ്റീസ് (റിട്ട) പി.സദാശിവം പറഞ്ഞു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത് മൂന്നാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദം നേടുന്നത് വിദ്യാഭ്യാസത്തിലെ ഒരു നാഴികക്കല്ലാണ്. ഇത് അവാസനത്തേതല്ല. തുടക്കത്തിലേതാണ്. ഇതു ഉന്നതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ലൈബ്രറികളിലും ഡാറ്റാബേസിലും ഒതുങ്ങാതെ സമൂഹത്തെ കണ്ണ് തുറന്ന് കാണാനും മനസ്സിലാക്കാനും ശ്രമിക്കണം. ഭരണഘടനയുടെ ആമുഖവും പൗരൻ്റെ മൗലിക കര്‍ത്തവ്യങ്ങളും വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും കൈപുസ്തകങ്ങളായി പഠിപ്പിക്കണം. അക്രമണോത്സുകമായ കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

 ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ആദരിക്കാനും സ്ത്രീകളെയും കുട്ടികളേയും പ്രകൃതിയേയും സംരക്ഷിക്കാനും സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്താനും ഭരണഘടന വിഭാവനം ചെയ്യുന്നു. ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും ചുമതലകളും പ്രചരിപ്പിക്കാന്‍ സന്നദ്ധ സംഘടനകളും രംഗത്തു വരുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സാക്ഷരതയില്‍ മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര കുറവ് മനസ്സിലാക്കിയാണ് കേരളത്തിലെ മികച്ച സര്‍വകലാശാലകള്‍ക്ക് ചാന്‍സലറുടെ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കേരളത്തിലെ പുതിയ സര്‍വ്വകലാശാലകള്‍ക്ക് ഒരു കോടി രൂപയുടെ പുരസ്‌കാരവും നല്‍കുന്നു. ഇത്തവണ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കും പുതിയ സര്‍വകലാശാലകളില്‍ വയനാട് വെറ്ററിനറി സര്‍വകലാശാലയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കേരള-കേന്ദ്ര സര്‍വകലാശാല ചാന്‍സലര്‍ പ്രൊഫ.എസ് വി ശേഷഗിരി റാവു അധ്യക്ഷത വഹിച്ചു. ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.എസ്.എ ബാരി, പ്രോ വൈസ് ചാന്‍സിലര്‍ കെ ജയപ്രസാദ്, പരീക്ഷാ കണ്‍ടോളര്‍ മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍ സ്വാഗതവും രജിസ്ട്രാര്‍ എ.രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കം പാരറ്റീവ് ലിറ്ററേച്ചര്‍, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ്, സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സ് സിസ്റ്റം, സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്റ് കമ്യുണിറ്റി ഹെല്‍ത്ത്, സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്, സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങാണ് നടന്നത്. എക്‌സിക്യുട്ടിവ് കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 16 ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 790 വിദ്യാര്‍ഥികളാണ് ബിരുദദാനത്തിന് അര്‍ഹരായത്.

0Shares