
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണവും ആന്ധ്രപ്രദേശില്‍ സംഘര്‍ഷവുമുള്‍പ്പെടെ വിവിധയിടങ്ങളില്‍ കലുഷിതമായ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ആന്ധ്രയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ആന്ധ്ര പ്രദേശിലെ പതിനഞ്ചോളം സ്ഥലങ്ങളിലാണു വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ടി.ഡി.പി പ്രവര്‍ത്തകനുമാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. കത്തിക്കുത്തേറ്റായിരുന്നു വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നൂറ്റമ്പതോളം സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതിയും നല്കി.

മഹാരാഷ്ട്രയിലുള്ള ഗഡ്ച്ചിറോലിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങിയ പോലീസ് സംഘത്തിനു നേരെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ഇതില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയ ഹെലികോപ്ടറിനു നേരെയും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ജമ്മുവിലാകട്ടെ, സൈനിക യൂണിഫോമിലെത്തിയവര്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ആരോപിച്ചു. പൂഞ്ചിലെ ഒരു ബൂത്തില്‍ വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് ബട്ടണ്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ഉയര്‍ന്നു.
യു.പിയിലെ കൈരാനയില്‍ കുറച്ചുപേര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ബി.എസ്.എഫ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.യു.പിയിലെ തന്നെ സഹരന്‍പൂരില്‍ ഇ.വി.എം അട്ടിമറി നടന്നു എന്നും പരാതിയുയര്‍ന്നു. ബി.എസ്.പി ചിഹ്നമായ ആനയ്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി. ഒഡിഷയിലെ 15 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ആരും വോട്ട് ചെയ്തില്ലെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിരുന്നു.
ഇന്നലെ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മണിപ്പൂരിലാണ്, 78.20 ശതമാനം. എന്നാല്‍ ചില സ്ഥലങ്ങളിലെ പോളിങ് ശതമാനം ഇനിയും പുറത്തുവരാത്തതിനാല്‍ അന്തിമകണക്കുകളില്‍ മാറ്റമുണ്ടാകും.
