
സി.പി.എം തനിക്കെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങളെ സന്തോഷത്തോടെ നേരിടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്കെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത് സി.പി.എം ആണെന്ന് അറിയാം. എന്നാൽ, സി.പി.എമ്മിനെതിരെ ഒന്നും പറയില്ല. ഇന്ന് വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മത്സരം ഒരു രാഷ്ട്രീയ സൌഹൃദ മത്സരമായി കണക്കാക്കണം എന്നും രാഹുല്‍ സൂചിപ്പിക്കുകയുണ്ടായി.

രാഹുല്‍ പറയുന്നത് പ്രകാരം വയനാട്ടിൽ അദ്ദേഹം മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണ്. ദക്ഷിണേന്ത്യയുടെ സംസ്കാരം, ഭാഷ, രാഷ്ട്രീയം എന്നിവയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഈ സമയം ദക്ഷിണേന്ത്യക്ക് ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ട്. ഇതിനെതിരാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും രാഹുൽ പറയുന്നു.
അതോടൊപ്പം തന്നെ രാഹുല്‍ പറയുന്ന മറ്റൊരുകാര്യം ഇതാണ്, മോദിയും യോഗിയും എന്ത് പറയുന്നുവെന്നത് തന്റെ വിഷയമല്ല. രാജ്യത്തെ കർഷകരുടെയും യുവാക്കളുടെയും പ്രശ്നമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയമാണ് വയനാട്ടിലൂടെ രാഹുല്‍ മുന്നോട്ട് വെക്കുന്നത്.
