ലോ അക്കാദമി വിവാദ ഭൂമി: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

  • Post category:news
  • Reading time:2 mins read
You are currently viewing ലോ അക്കാദമി വിവാദ ഭൂമി: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.


തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറിയതിനെക്കുറിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യു സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്നും ഇതു മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇതു സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് റവന്യു സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ്. അച്യുതാനന്ദന്റെ കത്തിനെ തുടര്‍ന്നാണ് ഈ നടപടി. ലോ അക്കാദമിക്കു സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ ദുരുപയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്ന് വി.എസ് നല്‍കിയ കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു. ലോ അക്കാദമി ഭൂമി സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു റവന്യുമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു വിഎസ് കത്ത് നല്‍കിയത്.

 

വിദ്യാഭ്യാസ ആവശ്യത്തിനാണ് ലോ അക്കാദമിക്കു സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയതെന്നും എന്നാല്‍ ഇപ്പോള്‍ ഇത് മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നുണ്ടോ എന്നു അന്വേഷിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിക്കായി പതിച്ചുനല്‍കിയ 11.49 ഏക്കര്‍ ഭൂമിയിലാണ് ലക്ഷ്മി നായരുടെ പിതാവും അക്കാദമി ഡയറക്ടറുമായ എന്‍ നാരായണന്‍ നായരും സഹോദരനും സിപിഐഎം സംസ്ഥാനസമിതിയംഗവും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരും വീടുവച്ചു താമസിക്കുന്നത്. മാത്രമല്ല, ലക്ഷ്മി നായരുടെ സ്വന്തം ഹോട്ടലും ഈ സ്ഥലത്താണു പ്രവര്‍ത്തിക്കുന്നത്.


ലോ അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഈ കെട്ടിടങ്ങളുടെ നമ്പരിനായി കഴിഞ്ഞ ദിവസം നടന്ന റവന്യൂ ജില്ലാ അദാലത്തില്‍ നാരായണന്‍ നായര്‍ ഹാജരായിരുന്നു. ഇത്തരത്തില്‍ പലവിധ ക്രമക്കേടുകളുടെ കൂത്തരങ്ങാണ് ലോ അക്കാദമി ഭൂമിയെന്ന വാര്‍ത്തകള്‍ ഇതിനുമുമ്പും വന്നിരുന്നു. എന്നാല്‍ ഭൂമി സംബന്ധിച്ച അന്വേഷണം നടത്താന്‍ റവന്യൂ വകുപ്പോ മറ്റ് അധികാരികളോ മുന്‍കാലങ്ങളില്‍ തയ്യാറായില്ലെന്നതാണ് പരമാര്‍ഥം. ഇതുകൂടാതെ, ലോ അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കിയ സെക്രട്ടറിയേറ്റിനുസമീപത്തെ ഭൂമിയില്‍ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്നതിനെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് അച്യുതാനന്ദന്‍ പ്രശ്‌നത്തില്‍ സജീവമായ ഇടപെടല്‍ നടത്തിക്കൊണ്ട് ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

0Shares