
ന്യൂഡൽഹി: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 11ന് ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കും. ഫല പ്രഖ്യാപനം മെയ് 23നാണ്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ഒരു മാസം കഴിഞ്ഞ് മെയ് 23നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.
രാജ്യത്ത് 90 കോടി വോട്ടർമാരാണുള്ളത്. പരീക്ഷയുടെ കാലം ഒഴിവാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുക. നിലവിൽ 8.4 കോടി പുതിയ വോട്ടർമാരാണ് രാജ്യത്തുള്ളത്. ഈ തവണ വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവുമുണ്ടാകും. എല്ലാ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും വി.വിപാറ്റ് ഉപയോഗിക്കും. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 10 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 2014ൽ ഇത് 9 ലക്ഷം ആയിരുന്നു.
ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ വിവരങ്ങൾ പത്രപരസ്യം നൽകി കമ്മീഷനെ അറിയിക്കണം. അതേസമയം, വോട്ടർമാർക്ക് പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ് ഉപയോഗിക്കാം. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുമെന്നും കമ്മീഷന്‍. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും ചെലവിൽ പെടുത്തണം. മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ് പാടില്ലെന്നും കമ്മീഷന്‍ നിർദേശിച്ചു.
