അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ ഗുജറാത്തില്‍. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. അഹമ്മദാബാദ് മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് നവീകരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റുന്നത്. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയ്ക്കാണ് 63 ഏക്കറില്‍ പരന്നു കിടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന്റെ നവീകരണ കരാര്‍ നല്‍കിയിട്ടുള്ളത്.

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. 90,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് ഇത്. അത്യാധുനികമായ സൗകര്യങ്ങളും സജ്ജീകരണവും ഏര്‍പ്പെടുത്തുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം ഭാവിയില്‍ ഇന്ത്യയുടെ ക്രിക്കറ്റ് രംഗത്തും കായിക മേഖലയ്ക്കും വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അന്തര്‍ ദേശീയ തലത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്കു വേദിയാകാനും ഈ സ്റ്റേഡിയത്തിന് അവസരമുണ്ടാകും.