തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പീഡന ശ്രമം ചെറുക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ പരാതിയുമായി അമ്മ. സ്വാമി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രണയബന്ധം ഒഴിവാക്കാന്‍ പറഞ്ഞതിലുള്ള വിരോധത്താലാണ് മകള്‍ ഇങ്ങനെ ചെയ്തതെന്നുമാണ് യുവതിയുടെ മാതാവ് വെളിപ്പെടുത്തിയത്. സംഭവ ദിവസം മകള്‍ തന്നെയാണ് സ്വാമിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. സംഭവം സംബന്ധിച്ച് പെണ്‍കുട്ടിക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് അമ്മ. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണു സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു.

മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇതിന് ചികിത്സ തേടിയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു. പ്രണയത്തില്‍ നിന്നും പിന്തിരിയാന്‍ യുവതിയോട് സ്വാമി പറയുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തു സംസാരിച്ച യുവതി പിന്നീട് സ്വാമിയെ വിളിച്ച് ക്ഷമ ചോദിക്കുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്. സംഭവ ദിവസം രാവിലെ പത്തുമണി മുതല്‍ ആറര വരെ യുവതി കാമുകനൊപ്പമാണ് ചിലവഴിച്ചത്. കാമുകന്‍ തങ്ങളോട് ആറര ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ട്. കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത് ലക്ഷവും നല്‍കി. പകല്‍ നടത്തിയ പദ്ധതിപ്രകാരമായിരിക്കാം പെണ്‍കുട്ടി ഹാളില്‍ കിടന്നിരുന്ന സ്വാമിയെ ഇപ്രകാരം ചെയ്തതെന്നാണ് അമ്മയും സഹോദരനും പറയുന്നത്. സംഭവത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ തങ്ങളോട് മകളെ സ്വാമി ബലാത്സംഗം ചെയ്തതായും 40 ലക്ഷം രൂപ സ്വാമി വാങ്ങി കുറ്റം ഏറ്റതായും മൊഴി നല്‍കണമെന്ന് നിര്‍ബന്ധിച്ചതായി ഇവര്‍ പറയുന്നു. മകളുടെ മുറിയിലോ വീട്ടിന്റെ മറ്റേതെങ്കിലും ഭാഗത്തോ സ്വാമി പോയിട്ടില്ലെന്നും സ്വാമിക്ക് അത്തരത്തിലൊരു ബന്ധം ഇതുവരെ ആരുമായും ഉണ്ടായിട്ടില്ലെന്നും മകളുടെ കാമുകനും ഇതില്‍ പങ്കുണ്ടെന്നും ‘അമ്മ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനിലും നല്‍കിയ പരാതിയില്‍ പറയുന്നു.