കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാള്‍ക്ക് നാള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും സുഖം തരുന്നതല്ല. ഏത് നിമിഷവും പൊട്ടി തെറിക്കാന്‍ സാധ്യതയുള്ള ഒരു അഗ്നി പര്‍വ്വതം പോലെയാണ് ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഈ തടവറ. നാഥനില്ലാകളരിപോലെ പൊതു സമൂഹത്തിന് മേല്‍ ചോദ്യ ചിഹ്നമായി മാറിക്കഴിഞ്ഞ സെന്‍ട്രല്‍ ജയിലിന്റെ ദുരവസ്ഥ അറിഞ്ഞിട്ടും ഒരു കുലുക്കവുമില്ല നമ്മുടെ ഭരണകൂടത്തിന്!.ജയിലിനെ ചുറ്റിപ്പറ്റിയുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ചില്ലെങ്കില്‍ അതിന്റെ പരിണിതഫലം ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും…

ജയിലിലെ ഉദ്യോഗസ്ഥരെ തരിമ്പും അനുസരിക്കാത്ത തടവുകാര്‍. പരിശോധനയ്ക്ക് ചെല്ലുമ്പോള്‍ ജയില്‍ പുള്ളികളുടെ ഭീഷണി. അനുസരണയും അച്ചടക്കവും പോയ് മറിഞ്ഞ അന്തരീക്ഷം. ഉദ്യോഗസ്ഥരെ വെല്ലുവിളിക്കാനും ആക്രമിക്കാനും ഉത്സാഹം കാട്ടുന്ന ജയില്‍ പുള്ളികള്‍. ഒരു കൂസലുമില്ലാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നവര്‍. കഞ്ചാവും മദ്യവും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സുലഭം. ബീഡിയും സിഗരറ്റും പുകച്ചു നടക്കുന്നവര്‍ പതിവ് കാഴ്ച. ജയിലിലെ ചട്ടങ്ങള്‍ മറികടന്ന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കറികള്‍ ഉണ്ടാക്കി സ്വാദിഷ്ട ഭക്ഷണം കഴിച്ച് കുശാലായി നടക്കുന്നവര്‍. ജയില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ‘ദാദമാരായി’ കഴിഞ്ഞു കൂടുന്നവര്‍. ശിക്ഷാ തടവുകാര്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ജയില്‍ ജീവനക്കാര്‍. ആയിരത്തിലേറെ തടവുകാരുള്ള ജയിലില്‍ കൊടും കുറ്റവാളികള്‍ വരെയുണ്ട്.

രാഷ്ട്രീയ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന പലരും വിഐപി പരിവേഷം ഉള്ളവരാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുറ്റവാളികള്‍ക്ക് പുറത്തെ ലോകത്തേക്കാള്‍ അകത്തെ ലോകം സുഖപ്രദം! വെള്ളരിക്കാപട്ടണം എന്ന പരിഹാസ പേര് ഇപ്പോള്‍ നന്നായി യോജിക്കുക കണ്ണൂര്‍ ജയിലിനായിരിക്കും. ഒരു ശുദ്ധികലശത്തിനും ജീര്‍ണോദ്ധാരണത്തിനുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ പൂച്ചയ്ക്ക് മണി കെട്ടാന്‍ ആര് എന്നതാണ് ചോദ്യം. രാഷ്ട്രീയ നേതാക്കളും അധികൃതരും ഭരണകൂടവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ തൊടാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? കണ്ണൂര്‍ ജയിലിനെ ചുറ്റിപറ്റിയുള്ള വര്‍ത്തമാന വിശേഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയുന്നുണ്ടാവില്ലേ? കാര്യങ്ങള്‍ ഇക്കണക്കിന് പോകുകയാണെങ്കില്‍ ‘തടവറയിലെ കലാപം’ എന്ന് നാം കേട്ടിട്ടുള്ള സംഗതി കണ്ണൂര്‍ ജയിലില്‍ അരങ്ങേറില്ലെന്ന് ആരു കണ്ടു? അങ്ങനെ സംഭവിക്കാന്‍ ഇടയുണ്ടാവല്ലേ എന്നാണ് ജനങ്ങളുടെ പ്രാര്‍ത്ഥന. വളരെ വളരെ വൈകിയ വേളയിലെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് ബോധോദയം ഉണ്ടായെങ്കില്‍!.