
തിരുവനന്തപുരം: റവന്യൂ മന്ത്രി നേരിട്ട് ഇടപെട്ടുകൊണ്ട് മൂന്നാറിൽ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിക്കാൻ തീരുമാനം എടുത്തു. പുതിയ കലക്ടർ അധികാരമേറ്റെടുത്തു പ്രശ്നങ്ങൾ പഠിക്കുന്നതുവരെ പരിചയ സമ്പന്നരായ ഈ ഉദ്യോഗസ്ഥൻ തുടരട്ടെ എന്ന നിർദേശം മന്ത്രി നൽകി. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനാണു പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ രൂപീകരിച്ചത്. ശ്രീറാമിനെ സർക്കാർ മാറ്റിയതിനു പിന്നാലെ ഉദ്യോഗസ്ഥരും മാറാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണു വിവരം.

ഒഴിപ്പിക്കൽ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണൽ തഹസിൽദാർ ഷൈജു ജേക്കബിനെ ഒരാഴ്ച മുന്‍പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു. മൂന്നാര്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കൈയേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുകയും ഹാജരാകുകയും ചെയ്തിരുന്ന സര്‍വേയര്‍ എ.ആര്. ഷിജു നെടുങ്കണ്ടത്തെ പഴയ തസ്തികയിലേക്ക് മടങ്ങിയിരുന്നു. ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന് പിള്ള, പി.കെ. സിജു, പി.കെ. സോമന് എന്നിവരും പഴയസ്ഥാനങ്ങളിലേക്ക് തിരികെപ്പോയി. ബാലചന്ദ്രന് പിള്ളയെ കാഞ്ചിയാര്‍ വില്ലേജോഫീസറായും പി.കെ. സിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കുമാണ് മാറ്റിയത്.ആർ. ഡി. ഒ ഓഫീസിലെ ഹെഡ് ക്ലർക്ക്, സർവേയർ എന്നിവരെയും സ്ഥലം മാറ്റിയിരുന്നു.
