കാസര്‍കോട്: രാഷ്ട്രീയ പ്രതിയോഗികളെ അക്രമം കൊണ്ട് തകര്‍ക്കുക എന്നത് സി.പി.എം മുഖ്യ അജണ്ടയാക്കിയിരിക്കുകയാണന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസ്സന്. ജനമോചന യാത്രയുടെ ഉദ്ഘാടന പരിപാടികളെപ്പറ്റി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇരുപത്തിനാല് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് കേരളത്തില്‍ നടന്നത്. താലിബാന് നാണിക്കുന്നതരത്തിലുള്ള കൊലകളാണ് സി.പി.എം നടത്തുന്നത്. കണ്ണൂരില്‍ ശുഹൈബിനെയും അരിയില്‍ ഷുക്കൂറിനെയും കൊലപ്പെടുത്തിയതും ഇത്തരത്തിലായിരുന്നു. ടി.പി ചന്ദ്രശേഖരന്റെ ശരീരത്തില്‍ അന്പത്തിയൊന്നു വെട്ടുകളും ശുഹൈബിന്റെ ശരീരത്തില്‍ നാല്പത്തിയൊന്നു വെട്ടുകളും ആണ് ഉണ്ടായിരുന്നത്. ഇതേപോലെ തന്നെയാണ് മണ്ണാര്‍ക്കാട്ട് സി പി ഐ ക്കാര് ഷമീറിനെ കൊലപ്പെടുത്തിയതെന്നും ഹസ്സന് പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സീനിയര്‍ ജനറല്‍സെക്രട്ടറി തമ്പാനൂര്‍ രവി, ജനറല്‍സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്, സുമ ബാലകൃഷ്ണന്, സെക്രട്ടറി കെ നീലകണ്ഠന്, പി ഗംഗാധരന് നായര്‍ സംസാരിച്ചു. ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ട്മാര്‍, മണ്ഡലം പ്രസിഡണ്ട്മാര്‍, പോഷക സംഘടനാ നേതാക്കള്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍വീട് സ്വാഗതവും വി ആര് വിദ്യാസാഗര്‍ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ അക്രമം കൊണ്ട് തകര്‍ക്കല്‍ സി.പി.എം മുഖ്യ അജണ്ടയെന്ന് എം എം ഹസ്സന്