രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി; അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി; അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍

ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍. ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്ന ആരോപണമാണ് പരാതിയിലുള്ളത്. പ്രമുഖര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതായും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും സുധീര്‍ കുമാര്‍ പരാതിയില്‍ ആരോപിക്കുന്നു.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

0Shares