
തിരുവനന്തപുരം: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. വിജയരാഘവന്‍ തന്‍റെ പ്രസംഗത്തിലൂടെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും പരാമര്‍ശങ്ങളിലൂടെ അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
തനിക്കെതിരേ വിജയരാഘവന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുക്കാത്തതിനെതിരെ രമ്യാ ഹരിദാസ് ഇന്ന് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കിയിരുന്നു.

അതോടൊപ്പം സംസ്ഥാന വനിതാ കമ്മീഷനെതിരെയും രമ്യാ ഹരിദാസ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന്‍ കേരളത്തില്‍ നടപ്പാക്കുന്നത് രണ്ടു തരം നീതിയാണ്. കണ്ണൂരില്‍ കെ. സുധാകരനെതിരെ കമ്മീഷന്‍ നീങ്ങിയത് വാര്‍ത്തകള്‍ കേട്ടിട്ടാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെ പരാതി നല്‍കിയിട്ടും കമ്മീഷന്‍ മിണ്ടാതിരിക്കുന്നതായും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
‘ആലത്തൂരിലെ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്”- എന്നായിരുന്നു വിജയരാഘവന്‍റെ വിവാദമായ വാക്കുകള്‍.
