
യോഗയുടെ പ്രചാരണ കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും ഒരേ സ്വരം. അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഝാർഖണ്ഡിലെ റാഞ്ചിയിൽ പ്രഭാത് താര മൈതാനത്ത് നടന്ന പരിപാടിയിൽ 40,000 പേർ പങ്കെടുത്തു. യോഗ ആഗോള വെല്ലുവിളികൾക്ക് പരിഹാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. യോഗ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കണമെന്നും യോഗ മതത്തിനും വിശ്വാസത്തിനും എല്ലാത്തിനും മുകളിലാണന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക യോഗ ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും സമാന പ്രസ്താവനയാണ് നടത്തിയത്. യോഗ മതപരമായ ചടങ്ങോ പ്രാർത്ഥനാ രീതിയോ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതി, മത ഭേദമന്യെ യോഗ പരിശീലിക്കണമെന്നും ജീവിതശൈലി രോഗങ്ങൾ തരണം ചെയ്യാൻ യോഗയിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
