
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ വാര്‍ഡ് മെമ്പര്‍ ആവാന്‍ പോലും കഴിവില്ലാത്തവര്‍ എം.പിമാരാവുമെന്നും, ഇത് മോഡിയുടെ കഴിവാണെന്നും മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. കല്ലിനെ സ്വര്‍ണ്ണമാക്കുന്ന മാന്ത്രികനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഗോപാല്‍ വിശേഷിപ്പിക്കുന്നത്.
‘മോഡി ഒരു മാന്ത്രികനാണ്. അദ്ദേഹം ഒരു കല്ല് സ്പര്‍ശിച്ചാല്‍ അത് സ്വര്‍ണ്ണമായിത്തീരും. സര്‍പഞ്ചോ, വാര്‍ഡ് മെമ്പറോ ആവാന്‍ കഴിവില്ലാത്തവര്‍ മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എം.പിമാരാവും’ ഗോപാല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികളെക്കുറിച്ച് ഗോപാല്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.
മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് ഗോപാല്‍ ഇന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നത്. കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പിയെ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് താഴെയിറക്കിയത്.
