രണ്ടര വര്‍ഷത്തിനുള്ളില്‍ 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും; മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ജി.സുധാകരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing രണ്ടര വര്‍ഷത്തിനുള്ളില്‍ 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും; മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ജി.സുധാകരന്‍

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിലവില്‍ പലതിൻ്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിളിയളം – വരഞ്ഞൂര്‍ റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം കിളിയളത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

23.18 കോടി രൂപയാണ് കിളിയളം മുതല്‍ കമ്മാടം വരെയുള്ള ഈ റോഡിനായി മാറ്റി വച്ചിട്ടുള്ളത്. 18 മാസത്തിനുള്ളില്‍ തന്നെ ഇതിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുമ്പ് ഒരു സര്‍ക്കാരിൻ്റെ കാലത്തും കാണാത്ത വികസന പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റതിന് ശേഷം നടന്നുവരുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നടന്നിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് മലയോരപാതയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തീരദേശ പാത കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയും. കൂടാതെ 60,000 കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയില്‍ വലിയതോതിലുള്ള വികസനമാണ് നടക്കുന്നതെന്നും നിലവില്‍ നീലേശ്വരം-പള്ളിക്കര മേല്‍പ്പാലത്തിൻ്റെയും കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്റെയും പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വികസനമാണ് ഈ സര്‍ക്കാരിൻ്റെ മുഖ്യ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കും: ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കീഴില്‍ വരുന്ന സംസ്ഥാനത്തെ മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായ റോഡുകള്‍ പൊതുമരാമത്ത് ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതി മുന്നോട്ടുവയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വരുന്ന ലോകസഭാ തെരഞ്ഞടുപ്പിന് ശേഷം ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാലിച്ചാനടുക്കത്ത് നീലേശ്വരം-ഇടത്തോട് റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
42.10 കോടി രൂപയാണ് ഈ റോഡിനായി വികസന നിധിയില്‍ മാറ്റി വച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്നിട്ടുള്ളത്. കേരളത്തിലെ ഓരോ നിയോജക മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ ഇതു നമുക്ക് മനസിലാകും. 60,000 കോടി രൂപയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ മുന്‍കാല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 22 ടോള്‍ ബൂത്തുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍ത്തലാക്കി. നിലവില്‍ 700 കോടിയുടെ വികസനമാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മാത്രം നടന്നിട്ടുള്ളത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും കേരളത്തിലെ തന്നെ മികച്ച വികസനം നടന്ന മണ്ഡലമായി കാഞ്ഞങ്ങാട് മാറുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ദേശീയപാത നാലുവരിയാക്കാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നീട്ടികൊണ്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗിച്ച് ദീര്‍ഘകാലയളവില്‍ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സമസ്ത മേഖലയിലുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പാക്കിയിട്ടുള്ളത്. ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലകളെയും വിഭാഗങ്ങളെയും പ്രത്യേക ശ്രദ്ധ നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

0Shares