ലക്‌നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉത്തരപ്രദേശില്‍ അറുതിയില്ല. 35കാരിയായ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ജീവനോടെ ചുട്ടുകൊന്നു. സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ട് കുട്ടികളോടൊപ്പം കഴിയുകയായിരുന്ന യുവതിയെ ശനിയാഴ്ച പുലര്‍ച്ചെ 2.30ന് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ശക്തമായ മഴയായിരുന്നതിനാല്‍ അയല്‍ വാസികള്‍ സംഭവം അറിഞ്ഞില്ല. ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്തിരുന്നത്. യുവതി സംഭവം അറിയിക്കാനായി സ്വന്തം സഹോദരനെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലിസെത്തുമ്പോഴേക്കും അഞ്ചംഗസംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി യാഗ്യശാല ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അഞ്ചംഗസംഘം യുവതിയെ തീകൊളുത്തുന്നതിന് മുമ്പ് ഇവര്‍ സഹായത്തിനായി പൊലീസിനെ ഫോണ്‍ ചെയ്തുവെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. അരം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. യുവതിയെ ഇവര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ അവസാന ഫോണ്‍ കോളിന്റെ വീഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവാകും. ഈ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ് പറഞ്ഞു.
യു.പിയില്‍ യുവതിയെ അഞ്ചംഗസംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി; പിന്നീട് ക്ഷേത്രത്തില്‍ കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നു