ചെന്നൈ: തലയ്ക്കുള്ളില്‍ പാറ്റ കയറുമോ? ഇല്ലെന്നായിരിക്കും നിങ്ങള്‍ പറയുന്നത്. എന്നാല്‍ കേട്ടോളൂ സുഹൃത്ത്ക്കളെ തലയ്ക്കുള്ളിലും പാറ്റ കയറും!. അതും മൂക്കില്‍ കൂടി!. ചെന്നൈ സ്വദേശിനിയായ സെല്‍വി എന്ന 42 കാരിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറക്കത്തിനിടെ തന്റെ മൂക്കിനുള്ളില്‍ എന്തോ ഇഴഞ്ഞ് കയറുന്നത് പോലെ തോന്നിയെന്നും മൂക്കു തുടയ്ക്കുകയും ചീറ്റുകയും ചെയ്‌തെങ്കിലും അത് പോയില്ലെന്നും സെല്‍വി അറിയിച്ചു. മൂക്കിനകത്തും കണ്ണിലും അസ്വസ്ഥത അനുഭവപ്പെട്ടെതിനെ തുടര്‍ന്നാണ് സെല്‍വി ആശുപത്രിയില്‍ പോയത്.

നേസല്‍ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് യുവതിയുടെ കണ്ണുകള്‍ക്കിടയില്‍ തലയോടിനുള്ളില്‍ കൂസലില്ലാതെ ഇരിക്കുന്ന വിരുതനെ കണ്ടെത്തിയത്. ഡോക്ടര്‍ പോലും ആദ്യം വിശ്വസിച്ചില്ല. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാണ് തലയ്ക്കുള്ളിലിരിക്കുന്ന കൂറ്റന്‍ പാറ്റയെ പുറത്തെടുത്തത്. തന്റെ മൂന്നു പതീറ്റാണ്ട് നീണ്ട ഡോക്ടര്‍ ജോലിക്കിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം കാണുന്നതെന്നാണ് യുവതിയെ ശസ്ത്രക്രിയ ചെയ്ത മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. എം.എന്‍ ശങ്കര്‍ പ്രതികരിച്ചത്. കൃത്യസമയത്താണ് സെല്‍വി വൈദ്യ സഹായം തേടിയതെന്ന് ഡോക്ടര്‍ അറിയിച്ചു. കണ്ണുകള്‍ക്കിടയില്‍ തലച്ചോറിനോടു ചേര്‍ന്ന ഭാഗത്തായാണ് പാറ്റ ഇരുന്നിരുന്നത്. അത് ചത്തിരുന്നെങ്കില്‍ തലച്ചോറില്‍ അണുബാധയുണ്ടാകുമായിരുന്നു. അത് സെല്‍വിയുടെ ജീവന്‍ തന്നെ അപകടത്തിലാവുമായിരുന്നു എന്നാണ് ഡോക്ടര്‍ അറിയിച്ചത്.