
കാസർകോട്: മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം വർധിച്ചുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. ഡി.വൈ.എഫ്.ഐ കാസർകോട് ബ്ലോക്ക് കമ്മിറ്റി നുള്ളിപ്പാടിയിൽ സംഘടിപ്പിച്ച അഹമ്മദ് അഫ്സൽ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തിൽ 6.3 ശതമാനം നിരക്കിലാണ് തൊഴിലില്ലായ്മ വർധിച്ചത്. നോട്ട് നിരോധനത്തെ തുടർന്ന് 1.3 കോടി പേർക്ക് തൊഴിൽ നഷ്ടമായി. കേന്ദ്ര സർക്കാർ മേഖലയിൽ സ്ഥിരംജോലി അപ്രത്യക്ഷമായി. 12 കേന്ദ്ര സർവകലാശലകളിൽ 75 ശതമാനം പ്രൊഫസർ തസ്തികകൾ കരാർവൽകരിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സ്വകാര്യവൽകരിക്കുന്നു. അവിടങ്ങളിലെ സ്ഥിരം ജോലി ഇല്ലാതാകും. ഇന്ത്യൻ റെയിൽവേയിലും സ്ഥിരം ജോലി ഇല്ലാതായി. മുന്നോക്ക സംവരണം നടപ്പാക്കുമെന്ന് പറയുന്ന കേന്ദ്ര സർക്കാർ തൊഴിൽ എവിടെയെന്ന് പറയുന്നില്ല. യുവജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്നും റഹിം പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കേരളത്തിൻ്റെ ജനക്ഷേമ ബദലാണ് സംസ്ഥാന സർക്കാരിൻ്റെ ആയിരം ദിവസങ്ങളിൽ കണ്ടത്. ഒരു ലക്ഷം പേർക്ക് ജോലി നൽകി. 20,000 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഇതിൽ നാലായിരം അധ്യാപിക തസ്തികകളാണ്. എൽ.ഡി.എഫ് സർക്കാരിൻ്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളിൽ 3,40,000 വിദ്യർഥികൾ വർധിച്ചതിനാലാണ് ഇത് സാധ്യമായത്. യു.ഡി.എഫ് കാലത്ത് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലായിരുന്നു. സംസ്ഥാനത്ത് 12 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായതിനാൽ തൊഴിലവസരം വർധിക്കുമെന്നും റഹീം പറഞ്ഞു.
അഹമ്മദ് അഫ്സൽ അനുസ്മരണ പരിപാടിയിൽ അനിൽ ചെന്നിക്കര അധ്യക്ഷനായി. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാകമ്മിറ്റി അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത്ത്, പ്രസിഡണ്ട് പി.കെ നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്, സുഭാഷ് പാടി എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
