
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ ബി.ജെ.പിയിലേക്ക് വരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശം കുതിരക്കച്ചവടമാണെന്നും അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും മമതാ ബാനര്‍ജി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനം ആരോപിച്ച് പ്രധാനമന്ത്രിയ്ക്കെതിരെ ഏറ്റവുമൊടുവിലായി ലഭിച്ച പരാതിയാണിത്. കമ്മീഷനു മുമ്പാകെ കെട്ടിക്കിടക്കുന്ന പരാതികള്‍ ഇന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് പറഞ്ഞു. പെരുമാറ്റചട്ട ലംഘനം നടത്തിയ മോഡിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മോഡിയ്ക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്. സെരംപൂറില്‍ നടന്ന റാലിയിലാണ് എം.എല്‍.എമാരെ കൂറുമാറ്റുമെന്ന് മോഡി പ്രസംഗിച്ചത്.
