മൂന്ന് വയസുകാരിയുടെ വായില്‍ പടക്കം തിരുകി പൊട്ടിച്ചു; അയല്‍വാസി ഒളിവില്‍

  • Post category:news
  • Reading time:1 min read
You are currently viewing മൂന്ന് വയസുകാരിയുടെ വായില്‍ പടക്കം തിരുകി പൊട്ടിച്ചു; അയല്‍വാസി ഒളിവില്‍

ലക്‌നൗ: മൂന്ന് വയസ്സുകാരിയുടെ വായില്‍ പടക്കം തിരുകി പൊട്ടിച്ച അയല്‍വാസിയായ യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള മിലാക് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹര്‍പാല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവായ ശശികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹര്‍പാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.അന്നേ ദിവസം വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസിയായ ഹര്‍പാല്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കംവച്ച് തീകൊളുത്തിയെന്ന് ശശികുമാറിന്റെ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സംഗതി വഷളായെന്ന് മനസിലാക്കിയ ഹര്‍പാല്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ ഹര്‍പാലിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ വായില്‍ 50 ഓളം സ്റ്റിച്ചുണ്ടെന്നും തൊണ്ടയില്‍ അണുബാധ ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ തൊണ്ടയ്ക്കും പരിക്കേറ്റതാണ് ആരോഗ്യനില വഷളാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

0Shares