തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്‍കിയാൽ മാത്രമേ ശരിയത്ത് നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ വിജ്ഞാപനം ഉടനുണ്ടാകും.മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉണ്ടാകാൻ ഇടയുള്ളതിനാലാണ് സർക്കാർ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ശരിയത്ത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യേണ്ടവര്‍ താന്‍ മുസ്ലീമാണെന്ന സത്യവാങ്മൂലം 100 രൂപയുടെ മുദ്രപ്പത്രത്തില്‍ തഹസീല്‍ദാര്‍ക്ക് നല്‍കണം എന്നതായിരുന്നു ചട്ടം. വിവാഹം, ഇഷ്ടദാനം, സ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇത് കൂടിയേ തീരൂ എന്നായിരുന്നു സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയ ചാട്ടത്തിലുണ്ടായിരുന്നത്. ഈ ചാട്ടത്തിനെതിരെ മുസ്ലിം സംഘടനകൾക്കിടയിൽ നിന്നും പ്രതിഷേധം വരുന്നതോടെയാണ് ചട്ടത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
81 വര്‍ഷം പഴക്കമുള്ള മുസ്ലീം വ്യക്തിനിയമമായ ശരിയത്തിന് ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപീകരിച്ചത്. ഇതിനെതിരെ വേങ്ങര എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എന്‍.എ. ഖാദർ മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുസ്ലിം സംഘടനകളും പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതോടെ എല്ലാവരും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കി. പകരം ശരിയത്ത് നിയമം പാലിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയെന്ന് ചട്ടം ഭേദഗതി ചെയ്തു.
