മനാമ: ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രാജകീയ സ്വീകരണം. കിരീടാവകാശിയുടെ അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നത് ഇത് ആദ്യമായാണ്. എന്നാല്‍ മുഖ്യമന്ത്രിയായതിനു ശേഷമുള്ള പിണറായിയുടെ ആദ്യ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്. ബഹ്‌റൈന്‍ കിരീടാവകാശിയുടെ കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫയുടെയും ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം.

കഴിഞ്ഞ ദിവസം രാവിലെ ബഹ്‌റൈന്‍ എത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായും കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായും ചര്‍ച്ച നടത്തി. കേരളവുമായി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ആരോഗ്യം ,ആയുര്‍വേദം ,ടൂറിസം ,വിദ്യാഭ്യാസം ,ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ കൈകോര്‍ക്കാനും ധാരണയായി.

തനിക്ക് കീഴില്‍ 2000 തിലധികം മലയാളികള്‍ ജോലി നോക്കുന്നുണ്ടുവെന്നും ഇവര്‍ കഠിനാധ്വാനികള്‍ ആണെന്നും അത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമ്മാനമായി ചുണ്ടന്‍ വള്ളം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് കിരീടാവകാശിയുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ചര്‍ച്ചയ്ക്ക് ശേഷം മനാമയിലെ പ്രശസ്തമായ ബാബ് അല്‍ ബഹ്‌റൈന്‍ സൂഖും, തുടര്‍ന്ന് ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്കുള്ള കിംഗ് ഫഹദ് കോസ്വേയും സന്ദര്‍ശിച്ച മുഖ്യമന്ത്രി വൈകിട്ട് കേരളീയ സമാജത്തില്‍ നടക്കുന്ന പൊതു സ്വീകരണത്തില്‍ പങ്കെടുക്കും. രാത്രി ഏഴിന് ബഹ്‌റൈന്‍ മ്യൂസിയവും മുഖ്യമന്ത്രി സന്ദര്‍ശിക്കും.