
കാസർകോട്: വിവിധ പരിപാടികളിൽ പങ്കടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിലെത്തും. പെരിയ ഇരട്ടകൊലപാതകത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കൊല നടത്തിയത് പാർട്ടി അറിവോടെയല്ലന്ന് സി.പി.എം നേതൃത്വം ആവർത്തിക്കുമ്പോൾ തന്നെ കൊലപാതകത്തിൽ ഒരാളുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി.

അറസ്റ്റിലായ രണ്ടാമനും സി.പി.എം പ്രവർത്തകനാണ്. ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് ബുധനാഴ്ച്ച രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തിലെ സൂത്രധാരൻ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സി.പി.എം പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
