
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമ സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചതിനും നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനുമാണ് പുരസ്കാരം. വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച ജനപ്രതിനിധിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധു വിനെയും തെരഞ്ഞെടുത്തു.

സംസ്ഥാനത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന അംഗീകാരമാണ് ഗ്രാമ സ്വരാജ് പുരസ്കാരം. തൃശൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാദ്യായ നാഷ്ണല്‍ അവാര്‍ഡിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ നാമിനേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
