മാധ്യമ പ്രവര്‍ത്തകന്‍റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, വഫ ഫിറോസിന് വീണ്ടും നോട്ടീസ്

  • Post category:news
  • Reading time:2 mins read
You are currently viewing മാധ്യമ പ്രവര്‍ത്തകന്‍റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, വഫ ഫിറോസിന് വീണ്ടും നോട്ടീസ്

ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍.ടി.ഒ നല്‍കിയിട്ടുണ്ട്.ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് വീണ്ടും നോട്ടീസ് അയച്ചു.
അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.

അപകടം നടന്ന് ഉടൻതന്നെ ശ്രീറാമിന്‍റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍റെയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർ.ടി.ഒ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇതുണ്ടായില്ല. ശ്രീറാമിന്‍റെ സുഹൃത്ത് ആർ.ടി.ഒ നൽകിയ നോട്ടീസ് കൈപ്പറ്റിയെന്നും മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകിയതാണ് നടപടിയെടുക്കാൻ വൈകിയതെന്നുമാണ് ഗതാഗത വകുപ്പ് നൽകുന്ന വിശദീകരണം.

മാധ്യമങ്ങളിൽ നടപടി വൈകിപ്പിക്കാൻ ഒത്തു കളി നടക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ വീഴ്ച ഗതാഗതസെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു. കെ. എൽ 1 ബി.എം 360 എന്ന നമ്പറിലുള്ള ഫോക്സ‍്‍വാഗൻ വെന്‍റോ കാറിലാണ് വെള്ളയമ്പലത്ത് നിന്ന് എൽ.എം.എസ് ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച് വന്നിരുന്നത്. സുഹൃത്തും, ഒപ്പം യാത്ര ചെയ്തിരുന്നയാളുമായ വഫ ഫിറോസിന്‍റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനമാണിത്.

അശ്രദ്ധമായും മനുഷ്യജീവന് ആപത്ത് വരുന്ന തരത്തിലും വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി. നോട്ടീസയച്ചിട്ടും ഇതുവരെ ശ്രീറാം മറുപടി ബോധിപ്പിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതിനാൽ 43/5336/2005 നമ്പർ ഡ്രൈവിംഗ് ലൈസൻസ് 2020 ആഗസ്റ്റ് 18-ാം തീയതി വരെ റദ്ദാക്കുന്നതായാണ് നോട്ടീസിൽ അറിയിക്കുന്നത്.

ശ്രീറാം സ്വന്തം ലൈസൻസ് അടിയന്തരമായി തിരുവനന്തപുരം ലൈസൻസിംഗ് അതോറിറ്റി മുമ്പാകെയോ, മട്ടാഞ്ചേരി ജോയന്‍റ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ മുമ്പാകെയോ സമർപ്പിക്കേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു.വഫ ഫിറോസോ ബന്ധുക്കളോ ആർടിഒയുടെ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സണ്‍ഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസും നൽകിയിരുന്നു.

നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമലംഘനങ്ങളും ബഷീറിന്‍റെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നൽകണമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കി. പഴയ നോട്ടീസിന്‍റെ തുടർനടപടികൾ തന്നെ നടത്തുമെന്ന് ആർ.ടി.ഒ അറിയിച്ചു.

0Shares